പാലക്കാട് : പഠനത്തിന് വൈദ്യുതിയും ഫോണുമില്ലാതെ പ്രയാസപ്പെട്ട വിദ്യാർഥിയുടെ വീട്ടിലേക്ക് വൈദ്യുതിയും സ്മാർട്ട്ഫോണും ലഭ്യമാക്കി കെ.എസ്.ഇ.ബി.യും ജീവനക്കാരുടെ സംഘടന. ജയ്ഹിന്ദ് സ്ട്രീറ്റ് ഇന്ദിര കോളനിയിലെ ഒരു വീട്ടിലേക്കാണ് ബിഗ്ബസാർ വൈദ്യുതി സെക്ഷൻ അസിസ്റ്റന്റ്
എൻജിനിയർ നിത്യ മുൻകൈയെടുത്ത് വൈദ്യുതിയെത്തിച്ചത്.
വിദ്യാർഥിക്ക് പഠിക്കാനാവശ്യമായ സ്മാർട്ട്ഫോൺ കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷനും നല്‍കി. വീടിന്റെ വൈദ്യുതീകരണ ജോലി കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ (ഐ.എൻ.ടി.യു.സി.) സൗജന്യമായി ചെയ്തു. വൈദ്യുതി കണക്ഷന്റെ സ്വിച്ച്ഓൺ മുനിസിപ്പൽ കൗൺസിലർ പി.എസ്. വിബിൻ നിർവഹിച്ചു.
അസിസ്റ്റന്റ് എൻജിനിയർ പി.എം. നിത്യ, കെ.എസ്.ഇ.ബി. ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി പി.ടി. സുരേഷ്, കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി ഷമീം നാട്യമംഗലം, ബിഗ്ബസാർ സ്കൂൾ പ്രധാനാധ്യാപിക ലേഖ ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുത്തു.