കൊച്ചി : എ.സി.യും ഫാനും എയർകൂളറും ചേർന്ന് വൈദ്യുതിയുടെ ഗ്രാഫ് ഉയർത്തുകയാണ്. പ്രതിദിന ഉപഭോഗം 84.83 ദശലക്ഷം യൂണിറ്റിലേക്കെത്തി. മാർച്ച് അവസാനത്തോടെ ഇത് 90 ദശലക്ഷം യൂണിറ്റ് എന്ന റെക്കോഡിലേക്കെത്തിയേക്കും.
രാത്രി 10 മുതൽ 10.30 വരെയുള്ള വൈദ്യുതി ആവശ്യം 4,228 മെഗാവാട്ടിലേക്കെത്തി ഇത് 4,400 എന്ന റെക്കോഡ് ആവശ്യത്തിലേക്കുമെത്തുമെന്നാണ് കരുതുന്നത്. ഡാമുകളിൽ ഇപ്പോഴും 59 ശതമാനത്തോളം വെള്ളമുള്ളതിനാലും പുറമെനിന്ന് വൈദ്യുതി വാങ്ങാൻ കരാറായതിനാലും വൈദ്യുതി പ്രതിസന്ധിയോ ലോഡ്‌ഷെഡ്ഡിങ്ങോ ഉണ്ടായേക്കില്ല.
ചൂട് കൂടുന്നതനുസരിച്ച് വൈദ്യുതി ഉപഭോഗത്തിൽ കുത്തനെയുള്ള വർധനയാണ് രേഖപ്പെടുത്തുന്നത്. മാർച്ച് എട്ടിന് വൈദ്യുതി ഉപയോഗം 76.81 ദശലക്ഷം യൂണിറ്റായിരുന്നത് 10-ന് 84.83-ൽ എത്തി. 2019 മേയ് 23-ന് 88.33 ദശലക്ഷം യൂണിറ്റുവരെ എത്തിയതാണ് ഇതുവരെയുള്ള റെക്കോഡ്. മാർച്ച് എട്ടിന് 4,228 മെഗാവാട്ടിലെത്തിയതാണ് ഇതുവരെയുള്ള ഇത്തവണത്തെ ഉയർന്ന വൈദ്യുതി ആവശ്യം. 2019 ഏപ്രിൽ 13-ന് 4,316 മെഗാവാട്ട് വന്നതാണ് സംസ്ഥാനത്തെ റെക്കോഡ് വൈദ്യുതി ആവശ്യം. മേയ് വരെ ഉപയോഗിക്കാനുള്ള വെള്ളം ഡാമുകളിലുണ്ട്. ആവശ്യമെങ്കിൽ പവർ എക്സ്‌ചേഞ്ചിൽ നിന്ന് വൈദ്യുതി വാങ്ങുകയും ചെയ്യാം.