മുതലമട: നരിപ്പറചള്ളയില് രണ്ട് ആദിവാസി കുടുംബങ്ങള്‍ക്ക് വൈദ്യുതിയെത്തിയില്ല. ഓണ്‍ലൈന്‍ പഠനം മുടങ്ങുന്നതായി വീട്ടുകാര്‍. ചുള്ളിയാര്‍ ഡാമിനടുത്ത പുറമ്പോക്ക് ഭൂമിയില്‍ പതിറ്റാണ്ടിലധികമായി വസിച്ചുവരുന്ന ശാന്തി, മാരിയപ്പന് കുടുംബങ്ങള്‍ക്കാണ് ഇതുവരെ വെളിച്ചമെത്താത്തത്. ശാന്തിയുടെ നാല് മക്കള്‍ക്കാണ് വൈദ്യുതിയില്ലാത്തതിനാല്‍ പഠനം മുടങ്ങിയത്.
തൊട്ടടുത്ത വീട്ടില്‍ ഓണ്‍ലൈന്‍ ക്ലാസ് കാണാന്‍ മക്കള്‍ പോകാറുണ്ടെങ്കിലും വഴിയില്‍ തെരുവുനായ്ക്കളും ഇഴജന്തുക്കളും നിറഞ്ഞത് പ്രയാസമുണ്ടാക്കുന്നതായി ശാന്തി പറഞ്ഞു. റേഷന്‍ കാര്‍ഡ്, വെളിച്ചം എന്നിവയില്ലാതെ പ്രയാസപ്പെടുന്ന നരിപ്പാറചള്ളയിലെ കുടുംബങ്ങളെക്കുറിച്ച് വാര്‍ത്ത നല്‍കിയതിനെ തുടര്‍ന്ന് എല്ലാവര്ക്കും റേഷന്‍ കാര്‍ഡ് ലഭിച്ചു.
പട്ടികവര്‍ഗ വകുപ്പ് ഇപ്പെട്ട് മുതലമടയില്‍ 30 കുടുംബങ്ങള്‍ക്ക് വൈദ്യുതീകരിക്കാന്‍ സിമന്റ് ഭിത്തിയും വയറിങ്ങും ചെയ്ത് നല്‍കിയെങ്കിലും ശാന്തിയുടെയും അയല്‍വാസിയുടെയും പേരുകള്‍ ഇല്ലാത്തതാണ് വെളിച്ചമില്ലാതാകാന് വഴിവെച്ചത്. ശേഷം കെ.എസ്.ഇ.ബി, പട്ടികവര്‍ഗ വകുപ്പ് എന്നിവക്ക് പരാതി നല്‍കിയെങ്കിലും ഫലമുണ്ടായില്ല.