പത്തനംതിട്ട: വൈദ്യുതി മോഷ്ടിച്ചതിന് ആന്റി തെഫ്റ്റ് സ്‌ക്വാഡ് കഴിഞ്ഞ ഏഴ് മാസത്തിനിടെ പിഴയിട്ടത് നാല് കോടിയോളം രൂപ. ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍വരെ പിഴയിനത്തില്‍ 2,29,35,435 കോടി രൂപ വൈദ്യുതി വകുപ്പ് പിരിച്ചെടുത്തു. ബാക്കി പിഴ സംബന്ധിച്ച് ഉപഭോക്താക്കള്‍ നിയമ പോരാട്ടത്തിലാണ്. സംസ്ഥാനത്ത് 14 ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡുകളുണ്ട്. സര്‍വീസ് ലൈനില്‍നിന്നും വൈദ്യുതി മോഷ്ടിക്കുന്നതാണ് പലരുടെയും രീതി. മെക്കാനിക്കല്‍ മീറ്ററുകളില്‍ കേടുവരുത്തുന്നതാണ് മറ്റൊരു രീതി.
കാര്‍ഷിക ആവശ്യത്തിനുള്ള നിരക്ക് കുറഞ്ഞ, അല്ലെങ്കില്‍ സൗജന്യമായ വൈദ്യുതി കണക്ഷന്‍ എടുത്തശേഷം ഗാര്‍ഹിക ഉപയോഗം നടത്തുന്നവരുമുണ്ട്. വൈദ്യുതി മോഷണം സംബന്ധിച്ച് ഏറ്റവും കൂടുതല്‍ പരാതികള്‍ വരുന്നത് വടക്കന്‍ ജില്ലകളില്‍നിന്നാണ്. അവിടെ മോഷണം ശ്രദ്ധയില്‍പ്പെട്ടാല്‍ വൈദ്യുതി വകുപ്പിനെ അറിയിക്കുന്ന രീതി ഉണ്ട്. തെക്കന്‍ ജില്ലകളില്‍ ഈ രീതി കുറവാണെന്ന് ആന്റി തെഫ്റ്റ് സ്‌ക്വാഡ് ചീഫ് എന്‍ജിനീയര്‍ കെ.എസ്.ഡോണ്‍ പറഞ്ഞു. ഏപ്രില്‍മുതല്‍ സെപ്റ്റംബര്‍വരെ 148 വൈദ്യുതി മോഷണമുണ്ടായി.
മലപ്പുറം ജില്ലയില്‍ 35 വൈദ്യുതി മോഷണം കണ്ടെത്തി. 78,62,664 രൂപ പിഴ ഈടാക്കി. മറ്റ് ജില്ലകളിലെ കേസുകള്‍ ജില്ല, കേസുകളുടെ എണ്ണം, പിഴത്തുക എന്ന ക്രമത്തില്‍ ചുവടെ-
കാസര്‍കോട് 27 കേസുകള്‍ , 69,27,314 രൂപ പിഴ.
എറണാകുളം 22 കേസുകള്‍ , 18,69,964 രൂപ പിഴ.
കോഴിക്കോട് 14 കേസുകള്‍, 14,61,603 രൂപ പിഴ.
തിരുവനന്തപുരം മൂന്ന്, 3,72,075 രൂപ പിഴ .
കൊല്ലം അഞ്ച് കേസുകള്‍, 3,78,579 രൂപ പിഴ.
ആലപ്പുഴ മൂന്ന് കേസുകള്‍, 3,24,682 രൂപ പിഴ.
പത്തനംതിട്ട ഒരു കേസ്, 10, 29 രൂപ പിഴ.
കോട്ടയം നാല് കേസുകള്‍, 4,24,719 രൂപ പിഴ.
ഇടുക്കി 12കേസുകള്‍ , 1,139,747 രൂപ പിഴ.
തൃശ്ശൂര്‍ നാല് കേസുകള്‍ , 9,23,056 രൂപ പിഴ.
പാലക്കാട് എട്ട്കേസുകള്‍ , 6,18,848 രൂപ പിഴ.
കണ്ണൂര്‍ മൂന്ന് കേസുകള്‍ , 56,972 രൂപ പിഴ.
വയനാട് ഏഴ് കേസുകള്‍, 4,74,925 രൂപ പിഴ.
പത്തനംതിട്ടയില്‍ വൈദ്യുതിമോഷണം കുറയാന്‍ കാരണം ഓട്ടോമാറ്റിക് മീറ്ററുകള്‍ സ്ഥാപിച്ചതാണ്. മീറ്റര്‍ കേടാക്കി വൈദ്യുതി മോഷണം ഇവിടെ ഇപ്പോള്‍ കുറവാണ്.