പാലക്കാട്: അട്ടപ്പാടിയില്‍ വൃദ്ധയെ കാട്ടാന ചവിട്ടിക്കൊന്നു. ചിറ്റൂര്‍ മൂച്ചിക്കടവ് സ്വദേശി മല്ലമ്മയെയാണ് വീടിന് മുന്നില്‍ കാട്ടാന ചവിട്ടിക്കൊന്നത്. മല്ലമ്മ ഒറ്റയ്‌ക്കാണ് വീട്ടില്‍ താമസിച്ചിരുന്നത്. എഴുപത്തിയഞ്ച് വയസായിരുന്നു. ഇന്ന് പുലര്‍ച്ചെ ഇവരുടെ വീടിന് സമീപം കാട്ടാന ഇറങ്ങിയിരുന്നു. രക്ഷപെടാനായി വീട്ടില്‍ നിന്നും ഇറങ്ങിയോടാന്‍ ശ്രമിക്കുന്നതിനിടെ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മല്ലമ്മ മരിക്കുകയായിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അഗളി സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ കുറേ നാളുകളായി കാട്ടാന ശല്യമുളള പ്രദേശമാണിത്. അട്ടപ്പാടിയിലെ വിവിധ മേഖലകളില്‍ കാട്ടാന ശല്യം രൂക്ഷമാണ്. ഷോളയൂര്‍, പുതൂര്‍ മേഖലകളിലാണ് കാട്ടാനകള്‍ ഏറെയും ഇറങ്ങുന്നത്. ജനവാസ കേന്ദ്രങ്ങളില്‍ നിന്നും കാട്ടാനകളെ തുരത്താന്‍ വനം വകുപ്പിന്റെ പ്രത്യേക സംഘം അട്ടപ്പാടിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതേസമയം ഒരു സ്ഥലത്ത് നിന്നും കാട്ടാനയെ തുരത്തി കഴിഞ്ഞാല്‍ മറ്റൊരു സ്ഥലത്തിലൂടെ ഇറങ്ങുന്നത് പ്രതിസന്ധി സൃഷ്‌ടിക്കുന്നുണ്ട്. കാട്ടാന ശല്യം തടയാന്‍ ശാശ്വത പരിഹാരം വേണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നിരവധി തവണ സമരം നടത്തിയിരുന്നു.