കണ്ണൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥന്‍ മരിച്ചു . മേല്‍പനാം തോട്ടത്തില്‍ ആഗസ്തി (കുട്ടി- 68)യാണ് മരിച്ചത്. കൊട്ടിയൂര്‍ പന്നിയാംമലയില്‍ ജനവാസ കേന്ദ്രത്തിലെത്തിയ കാട്ടാനയുടെ ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് പരിയാരം ഗവ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു അഗസ്തി.
കഴിഞ്ഞ ഞായറാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു അഗസ്തിയെ കാട്ടാന ആക്രമിച്ചത്. അയല്‍വാസിയുടെ വീട്ടുമുറ്റത്തെത്തിയ കാട്ടാനയെ നാട്ടുകാര്‍ തുരത്തുന്ന ശബ്ദം കേട്ട് അങ്ങോട്ടേക്ക് വരികയായിരുന്ന അഗസ്തിയെ കാട്ടാന ആക്രമിക്കുകയായിരുന്നു. തുമ്പിക്കൈകൊണ്ട് വയറിന് അടിയേറ്റ ആഗസ്തിയ്ക്ക് പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം പരിയാരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചിരുന്നു.
ആന്തരികാവയവങ്ങള്‍ക്കേറ്റ ക്ഷതം ആരോഗ്യ സ്ഥിതി വഷളാക്കുകയായിരുന്നു. ചൊവ്വാഴ്ച നില വളരെ മോശമായതിനെത്തുടര്‍ന്ന് അടിയന്തിര ശസ്ത്രക്രിയ നടത്തിയിരുന്നെങ്കിലും വ്യാഴാഴ്ച രാവിലെ മരിച്ചു. ആന്തരിക രക്തസ്രാവമാണ് മരണ കാരണം എന്നാണ് നിഗമനം. ഭാര്യ – സാറാമ്മ (ഓമന). മക്കള്‍ – ബിന്ദു, ബീന, ബിനോയ്. മരുമക്കള്‍ – റോയി, ആന്റോ, ഷീമ.