തൃശൂര്‍: ആനകളുടെ തലപ്പൊക്കമത്സരം നടത്തിയ പാപ്പാന്‍മാര്‍ക്കെതിരെ വനംവകുപ്പ് കേസെടുത്തു. പുറനാട്ടുക്കര ദേവിതറ ശ്രീ ഭദ്ര ഭഗവതി ഷേത്രത്തില്‍ ഉത്സവത്തിന് കൊണ്ടുവന്ന രണ്ട് ആനകളുടെ പാപ്പാന്മാര്‍ക്കെതിരെയാണ് കേസ്. തൃശൂര്‍ സോഷ്യല്‍ ഫോറസ്ട്രി വിഭാഗമാണ് കേസെടുത്തത്.
തലപൊക്ക മത്സരത്തിനിടെ ആനയുടെ മുകളില്‍ തിടമ്പ് പിടിച്ചിരിക്കുന്ന ആള്‍ക്ക് നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു. അപകടത്തില്‍ നിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
പെരുമ്പാവൂര്‍ പറമ്പില്‍പീടിക കുഴിയാലുങ്കല്‍ വീട്ടില്‍ അയ്യപ്പന്‍ മകന്‍ രജീഷ്, ചാലക്കുടി പോട്ട വില്ലേജില്‍ ഞാറക്കല്‍ വീട്ടില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ സജീവന്‍, പാലക്കാട് കൊല്ലംകോട് മാമനീവീട്ടില്‍ ആറു മകന്‍ ചന്ദ്രന്‍, ചിറ്റൂര്‍ പാറക്കുളം ദേശം മീനികോട് വീട്ടില്‍ ഗോപി മകന്‍ മനോജ് എന്നിങ്ങനെ നാല് പേര്‍ക്കെതിരെയാണ് കേസെടുത്തത്. കോട്ടയത്തെ പാമ്പാടി രാജന്‍ എന്ന ആനയുടെ പാപ്പാന്‍മാരാണ് രജീഷും സജീവനും. തൃശൂരിലെ നന്തിലത്ത് ഗോപാലകൃഷ്ണന്റെ പാപ്പാന്മാമാരാണ് ചന്ദ്രനും മനോജും.
കേസന്വേഷണം തീരുന്നതുവരെ ആനകള്‍ക്കും പാപ്പാന്മാര്‍ക്കും വനം വകുപ്പ് വിലക്ക് ഏര്‍പ്പെടുത്തി. ആനകളെ നിര്‍ബന്ധിപ്പിച്ചും വടികൊണ്ട് കുത്തിയും തലപൊക്കി മത്സരിപ്പിക്കുന്നത് നിരോധിച്ചിട്ടുള്ളതാണ്. ഇപ്രകാരം ആനകളെ പീഡിപ്പിക്കുന്നത് 2012ലെ നാട്ടാന പരിപാലന ചട്ടം പ്രകാരം കുറ്റകരവും ശിക്ഷാര്‍ഹവുമാണ്. ഈ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്.