തിരുവല്ല : ശ്രീവല്ലഭക്ഷേത്രത്തിൽ എഴുന്നള്ളത്തിനിടെ വിരണ്ട ആന കൂട്ടാനയെ കുത്തിയ സംഭവത്തിൽ ദേവസ്വംബോർഡ് ജീവനക്കാരടക്കം നാല് പേർക്കെതിരേ വനംവകുപ്പ് കേസ് രജിസ്റ്റർചെയ്തു. ദേവസ്വം മാനേജർ, തിരുവല്ല അസിസ്റ്റന്റ് കമ്മിഷണറുടെ ചുമതലയുള്ള ഉദ്യോഗസ്ഥ, ആനയുടമ, ആനയുടെ ഒന്നാം പാപ്പാൻ എന്നിവരെ യഥാക്രമം ഒന്നുമുതൽ നാല് വരെ പ്രതികളാക്കിയാണ് കേസ്. നാട്ടാന പരിപാലനച്ചട്ടം ലംഘിക്കൽ, വന്യജീവി സംരക്ഷണനിയമം എന്നിവ പ്രകാരമാണ് കേസ്. റാന്നി കോടതിയിൽ അടുത്തദിവസം കേസ് വിവരം സമർപ്പിക്കും.
ഞായറാഴ്ച രാത്രി ശ്രീബലി എഴുന്നള്ളത്തിനിടെയാണ് പാലാ വേണാട്ടുമഠം ശ്യാം (ഉണ്ണിക്കുട്ടൻ) എന്നയാന കൂട്ടാനയായ തിരുവല്ല ദേവസ്വത്തിന്റെ ജയരാജനെ കുത്തിയത്. തുടർന്ന് രണ്ട് ആനകളും വിരണ്ടോടി. തിടമ്പുമായി രണ്ട് ആനകളുടെയും പുറത്തുണ്ടായിരുന്ന കീഴ്ശാന്തിമാർക്ക് താഴെവീണ് പരിക്കേറ്റു. ഉത്സവപരിപാടികൾ കാണാനെത്തിയ എട്ടുപേർക്ക് പരിക്കേൽക്കുകയുംചെയ്തു. അഞ്ചാനകളെ വരെ എഴുന്നള്ളിക്കാനുള്ള അനുമതി ശ്രീവല്ലഭക്ഷേത്രത്തിനുണ്ട്. ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഒരാനയ്ക്ക് മദപ്പാടായതോടെ അവസാന നിമിഷം പാലായിൽനിന്നുള്ള സ്വകാര്യ ആനയെ എത്തിക്കുകയായിരുന്നു. ഇതിന് വനം വകുപ്പിന്റെ അനുമതി തേടണം. അനുമതിക്കായി അപേക്ഷിച്ചെന്നാണ് ദേവസ്വം ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ അപേക്ഷ ലഭിച്ചിട്ടില്ലെന്ന് വനംവകുപ്പ് അധികൃതർ പറഞ്ഞു.