കോന്നി : തേക്കുതോട് താഴേ പൂച്ചക്കുളം വനത്തിനുള്ളിൽ ദിവസങ്ങൾ പഴക്കമുള്ള കാട്ടാനയുടെ ജഡം കണ്ടെത്തി. വനംവകുപ്പ് അധികൃതർ നടത്തിയ പരിശോധനയ്ക്കിടയിലാണ് ജഡം കണ്ടെത്തിയത്. പതിനഞ്ച് വയസോളം പ്രായം വരുന്ന പിടിയാനയുടെ ജഡത്തിന് രണ്ട് ആഴ്ച്ചയിലേറെ പഴക്കമുണ്ടെന്ന് തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ പറഞ്ഞു.
റാന്നി ഫോറസ്റ്റ് ഡിവിഷനിലെ വടശേരിക്കര റേഞ്ചിൽ തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ഉൾപ്പെടുന്നതാണ് ജഡം കണ്ടെത്തിയ ഭാഗം. കോന്നി ഫോറസ്റ്റ് വെറ്റിനറി സർജ്ജന്റെ നേതൃത്വത്തിൽ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തീകരിച്ച് ജഡം സംസ്കരിക്കുമെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു. തണ്ണിത്തോട് ഫോറസ്റ്റ് ഡപ്യൂട്ടി റേഞ്ച് ഓഫീസർ ബി ഗിരി, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ആർ സുനിൽ കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ജെ എസ് മുനീർ, എം എസ് ഷിനോജ്, ഡി അനിൽകുമാർ എന്നിവരുടെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തി. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷനിലെ വനപാലകർ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എന്നാൽ ആനക്കൂട്ടം ജഡം കിടക്കുന്ന സ്ഥലത്തിന് സമീപത്ത് നിന്നും വിട്ടുമാറുന്നില്ലെന്നും വനപാലകർ പറഞ്ഞു.