റാന്നി: കീക്കൊഴൂര്‍ മലര്‍വാടിക്ക് സമീപം കടയ്ക്കേത്തുപടിയില്‍ ഇടഞ്ഞ ആന ഒരു വീട് തകര്‍ത്തു. തടി പിടിക്കാനെത്തിയ ആനയാണ് ഇടഞ്ഞത്. ഇന്ന് രാവിലെ 9നാണ് സംഭവം.
ചള്ളയ്ക്കല്‍ റോഷന്റെ വീടാണ് തകര്‍ത്തത്. പഴയ വീട്ടില്‍ കൃഷി സാധനങ്ങള്‍ സൂക്ഷിച്ചു വരികയായിരുന്നു. സംഭവ സമയത്ത് റോഷന്റെ പിതാവ് തോമസ് വീട്ടിലുണ്ടായിരുന്നു. വീടിന്റെ അടുക്കള ഭാഗം ആന തകര്‍ക്കുന്നത് കണ്ട് തോമസ് ഓടി രക്ഷപെടുകയായിരുന്നു. പിന്നീട് അടുത്തുള്ള തടത്തില്‍ ബോബിയുടെ വീടിന് സമീപത്തേക്കു ആന പോയി. ആന കീക്കൊഴൂര്‍ സമരമുക്ക് റോഡരികിലെ ഇവാന്‍ഞ്ചിലിക്കല്‍ സെമിത്തേരിയില്‍ കയറി നിലയുറപ്പിച്ചിരിക്കുകയാണിപ്പോള്‍. പാപ്പാന്‍മാര്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചിട്ടും ആന ഇടഞ്ഞു തന്നെയാണ്. റാന്നി പോലീസ്, വനം ദ്രുതകര്‍മ്മ സേനാംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.