എഐ രംഗത്ത് നിലവിലുള്ള എല്ലാ വമ്പൻ ശക്തികളെയും വെല്ലുവിളിക്കാൻ ലക്ഷ്യമിട്ട് ഇലോൺ തന്റെ സ്വന്തം എഐ സ്റ്റാർട്ടപ്പ് കമ്പനി ഔദ്യോഗികമായി ആരംഭിച്ചു. എക്സ്എഐ എന്ന് പേരിട്ടിരിക്കുന്ന കമ്പനി രൂപീകരിച്ചതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ബുധനാഴ്ച തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെയാണ് മസ്ക് നടത്തിയത്. എഐ രംഗത്തെ നിലവിലെ വമ്പനായ ഓപ്പൺ എഐയുടെ ചാറ്റ്ജിപിടിയ്ക്ക് ബദലായിട്ടാണ് മസ്കിന്റെ എക്സ്എഐ രംഗപ്രവേശം ചെയ്തിരിക്കുന്നത്. എതിരാളികളായ വമ്പൻ കമ്പനികളിലെ ബുദ്ധികേന്ദ്രങ്ങളെ കൂടെക്കൂട്ടിയാണ് കമ്പനി ആരംഭിച്ചിരിക്കുന്നത് എന്നതാണ് ഏറ്റവും ശ്രദ്ധയമായ കാര്യം. സുരക്ഷിതമായ എഐയാണ് തന്റെ ലക്ഷ്യം എന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് എഐ പോർക്കളത്തിലേക്ക് മസ്ക് കാൽ വെച്ചിരിക്കുന്നത്.
ഇലക്ട്രിക് കാർ നിർമാതാക്കളായ ടെസ്ലയുടെയും ബഹിരാകാശ ഗവേഷണ സ്ഥാപനമായ സ്പേസ്എക്സിന്റെയുമൊക്കെ സിഇഒ ആയ ഇലോൺ മസ്ക് എഐ കമ്പനിയുമായി രംഗത്ത് എത്തുമ്പോൾ വിപ്ലവകരമായ മുന്നേറ്റം എഐ ഗവേഷണത്തിൽ ഉണ്ടാകും എന്നാണ് വിലയിരുത്തല്‍. വമ്പൻ ടെക്നോളജി കമ്പനികളെ വെല്ലുവിളിച്ച് വെറുതേ ഒരു സ്റ്റാർട്ടപ്പ് കമ്പനി ആരംഭിക്കുകയല്ല മസ്ക് ചെയ്തിരിക്കുന്നത്. മറിച്ച് എതിരാളികളായ പ്രമുഖ കമ്പനികളുടെ ബുദ്ധികേന്ദ്രങ്ങളെ അടർത്തിയെടുത്തുകൊണ്ടാണ് മസ്കിന്റെ എക്സ്എഐ ആരംഭിച്ചിരിക്കുന്നത്.
നിലവിൽ എഐ സേഫ്റ്റിയുടെ കേന്ദ്രത്തിന്റെ ഡയറക്ടറായ ഡാൻ ഹെൻഡ്രിക്സ് ആണ് എക്സ്എഐ ടീമിന്റെ മുഖ്യ ഉപദേശകൻ. മസ്ക് ആണ് കമ്പനിയുടെ ഏക ഡയറക്ടർ. ഗൂഗിളിന്റെ ഡീപ് മൈൻഡിലെ മുൻ എഞ്ചിനീയറായ ഇഗോർ ബാബുഷ്കിൻ, ഗൂഗിളിൽ ജോലി ചെയ്തിരുന്ന ടോണി വു, ഗൂഗിളിൽ ഗവേഷണ ശാസ്ത്രജ്ഞൻ കൂടിയായിരുന്ന ക്രിസ്റ്റ്യൻ സെഗെഡി, മുമ്പ് മൈക്രോസോഫ്റ്റിൽ ഉണ്ടായിരുന്ന ഗ്രെഗ് യാങ് തുടങ്ങി ഒട്ടേറെ വിദഗ്ധർ അടങ്ങുന്നതാണ് മസ്കിന്റെ എക്സ്എഐ ടീം. മസ്‌കിന്റെ ഫാമിലി ഓഫീസിന്റെ മാനേജിംഗ് ഡയറക്‌ടർ ജാരെഡ് ബിർച്ചാളിനാണ് കമ്പനിയുടെ സെക്രട്ടറി.
എഐയുടെ സാധ്യതകളിലേക്ക് കടക്കുകയും പുത്തൻ നേട്ടങ്ങൾ സ്വന്തമാക്കുകയും ചെയ്യുക എന്നതിനോടൊപ്പം ചാറ്റ്ജിപിടിക്ക് മേൽ ആധിപത്യം നേടുക എന്നതും എക്സ്എഐയിലൂടെ മസ്ക് ലക്ഷ്യമിടുന്നു. ചാറ്റ്ജിപിടിയുടെ പിന്നിലുള്ള ഓപ്പൺഎഐ കമ്പനിയുടെ സ്ഥാപകരിൽ ഒരാളായിരുന്നു മസ്ക്. എന്നാൽ പിന്നീട് ചില അഭിപ്രായ വ്യത്യാസങ്ങൾ മൂലം കമ്പനിയിൽനിന്ന് പിരിയുകയായിരുന്നു. ടെസ്ലയിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനാണ് രാജി എന്നായിരുന്നു അന്ന് വിശദീകരിച്ചത്. തുടർന്ന് മൈക്രോസോഫ്ടിന്റെ കൂടി പിന്തുണയിലാണ് ഓപ്പൺഎഐ മുന്നോട്ടുപോകുന്നത്. ചാറ്റ്ജിപിടി ലോകമെങ്ങും തരംഗമായി മാറിയതോടെ ഓപ്പൺഎഐയും പ്രശസ്തമായി. ഇപ്പോഴത്തെ എഐ തംരംഗത്തിന്റെ കാരണക്കാർ ഓപ്പൺഎഐയും അവരുടെ ചാറ്റ്ജിപിടിയുമാണ്. ചാറ്റ്ജിപിടിയുടെ ജനപ്രീതികണ്ട് ഗൂഗിൾ ഉൾപ്പെടെയുള്ള വമ്പൻ കമ്പനികൾക്കുപോലും തങ്ങളുടെ എഐ പ്രോജക്ടുകളുടെ വേഗം വര്‍ദ്ധിപ്പിച്ചു.
മൈക്രോസോഫ്ട് ആകട്ടെ ചാറ്റ്ജിപിടി പിന്തുണയുള്ള എഐ പ്ലാറ്റ്ഫോം തങ്ങളുടെ ബിങ്ങിലും എഡ്ജിലുമൊക്കെ അവതരിപ്പിച്ചു. അതോടെ മൈക്രോസോഫ്ടിനും നേട്ടമുണ്ടായി. എല്ലാ ടെക്നോളജി കമ്പനികളും എഐ ഗവേഷണത്തിലേക്ക് അതിവേഗം എടുത്തുചാടിയത് ചാറ്റ്ജിപിടിയുടെ സ്വാധീനം മൂലമാണ്. എന്നാൽ മത്സരത്തോടെയുള്ള എഐ ഗവേഷണം മനുഷ്യരുടെ നാശത്തിലേക്ക് നയിക്കും എന്ന് ചിലർ ചൂണ്ടിക്കാട്ടി. ഈ വാദത്തോടൊപ്പമായിരുന്നു ഇലോൺ മസ്കും. പിന്നീട് അദ്ദേഹം എഐ കമ്പനി ആരംഭിക്കുന്നു എന്നത് ഏവരെയും അതിശയപ്പെടുത്തിയിരുന്നു. എന്നാൽ സത്യത്തിനു വേണ്ടിയുള്ളതാണ് തന്റെ എഐ എന്നാണ് അദ്ദേഹം പറയുന്നത്. പ്രപഞ്ചത്തിന്റെ യഥാർഥ സ്വഭാവം എഐക്ക് പകർന്നു നൽകാൻ കഴിഞ്ഞാൽ മനുഷ്യ സുരക്ഷയ്ക്കായി തനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യമാകും അതെന്നും മസ്ക് പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033