എക്‌സ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം സൗജന്യമായി ഉപയോഗിക്കുന്നത് അവസാനിപ്പിച്ച് ഇലോണ്‍ മസ്‌ക്. ഇനി മുതല്‍ കണ്ടന്റ് പോസ്റ്റ് ചെയ്യാന്‍ ഒരു ഡോളർ വീതം നൽകണം. നേരത്തെ എക്‌സിന്റെ മുമ്പത്തെ പേരായ ട്വിറ്റര്‍ പോസ്റ്റ് ചെയ്യുന്നത് അടക്കമുള്ള കാര്യങ്ങള്‍ സൗജന്യമായി നല്‍കിയിരുന്നു. എന്നാല്‍ ഇലോണ്‍ മസ്‌ക് ട്വിറ്റര്‍ ഏറ്റെടുത്തതോടെ ഇതെല്ലാം അവസാനിക്കുകയാണ്. നോട്ട് എ ബോട്ട് എന്നാണ് ഈ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിനെ മസ്‌ക് വിശേഷിപ്പിക്കുന്നത്. അതേസമയം നിലവില്‍ രണ്ട് രാജ്യങ്ങളിലാണ് ഇവ ആരംഭിക്കുക. ന്യൂസിലന്‍ഡും ഫിലിപ്പൈന്‍സുമാണ് ലോഞ്ചിംഗ് നടത്തുന്ന രണ്ട് രാജ്യങ്ങള്‍. ഇന്ന് മുതല്‍ പ്ലാന്‍ ആരംഭിക്കും. പുതുതായി എക്‌സിൽ അക്കൗണ്ടുകൾ ആരംഭിക്കണമെങ്കിലും പണം നൽകേണ്ടി വരും. എന്നാൽ ഇത് പഴയ ഉപഭോക്താക്കളെ ബാധിക്കില്ല.
ഇപ്പോള്‍ പരീക്ഷണാടിസ്ഥാനത്തിലുള്ള പ്ലാനാണ് നടക്കുന്നത്. നിലവിലെ യൂസര്‍മാരെ ഇത് ബാധിക്കില്ലെന്നും എക്‌സ് വ്യക്തമാക്കി. എല്ലാ രാജ്യങ്ങളിലും അധികം വൈകാതെ ഈ സബ്‌സ്‌ക്രിപ്ഷന്‍ പ്ലാന്‍ ആരംഭിക്കു. നിലവിലുള്ള യൂസര്‍മാര്‍ക്കും അതുപോലെ പുതിയ ഓഫറുകള്‍ നല്‍കും. അതേസമയം നിലവിലുള്ള യൂസര്‍മാര്‍ക്ക് യാതൊരു പ്രശ്‌നവും വരാത്ത രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുകയെന്ന് എക്‌സ് ട്വീറ്റില്‍ അറിയിച്ചു. സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ആഗ്രഹിക്കാത്ത പുതിയ യൂസര്‍മാര്‍ക്ക് പോസ്റ്റ് കാണാനും, വായിക്കാനും മാത്രമേ പറ്റൂ. അതുപോലെ വീഡിയോ കാണുകയും, അക്കൗണ്ടുകളെ ഫോളോ ചെയ്യാനും സാധിക്കും. എന്നാല്‍ വ്യാപക വിമര്‍ശനമാണ് മസ്‌കിന്റെ ഈ തീരുമാനത്തിനെതിരെ ഉയര്‍ന്നിരിക്കുന്നത്. ട്വിറ്ററിന്റെ ഔദ്യോഗികമായ മരണമാണ് സംഭവിച്ചിരിക്കുന്നതെന്ന് ഒരു യൂസര്‍ കുറിച്ചു. ഈ തീരുമാനം പകുതിയിൽ അധികം പേരും എക്‌സ് ഉപേക്ഷിക്കുന്നതിന് കാരണമാകും എന്നതിന് സംശയം വേണ്ട.