തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധന കരാറില്‍ സര്‍ക്കാരിനെതിരെ കൂടുതല്‍ തെളിവുകളുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇ.എം.സി.സി കമ്പിനിയുടെ വിശ്വാസ്യതയെക്കുറിച്ച് അറിയാന്‍ കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് സംസ്ഥാന സര്‍ക്കാര്‍ കത്തയച്ചു. ഇ.എം.സി.സി പദ്ധതിയെക്കുറിച്ച് മുഖ്യമന്ത്രിക്ക് എല്ലാം അറിയാമായിരുന്നുവെന്നും സര്‍ക്കാരിന്റെ കളളം പൊളിഞ്ഞിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.
ഇ.എം.സി.സിയുടെ പദ്ധതിയെക്കുറിച്ച് സര്‍ക്കാര്‍ വിശദമായി പരിശോധിച്ചിരുന്നു. കേന്ദ്രത്തോട് ഇതിനെ സംബന്ധിച്ച് എഴുതി ചോദിച്ചിരുന്നു. ശേഷം നടപടിക്രമങ്ങളുമായി മുന്നോട്ട് പോയി. പ്രതിപക്ഷം പറഞ്ഞില്ലായിരുന്നെങ്കില്‍ ഈ അഴിമതിയില്‍ സര്‍ക്കാര്‍ ഉത്തരവ് ഇറക്കിയേനെയെന്നും ചെന്നിത്തല ആരോപിച്ചു. ഇപ്പോള്‍ കുറ്റം ഉദ്യോഗസ്ഥരുടെ തലയില്‍ കെട്ടിവെച്ച് സര്‍ക്കാര്‍ കൈകഴുകാന്‍ ശ്രമിക്കുകയാണെന്നും യഥാര്‍ത്ഥ പ്രതികള്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
കമ്പിനി അധികൃതരെ കണ്ടിട്ടില്ലെന്നും ഫെബ്രുവരി 11ന് ഇ.എം.സി.സി പ്രതിനിധികള്‍ മന്ത്രി ഇ.പി ജയരാജന്റെ ഓഫീസില്‍ വന്ന് അപേക്ഷ നല്‍കി എന്ന് മുഖ്യമന്ത്രി പറഞ്ഞത് എന്തൊരു കളളമാണെന്നും ചെന്നിത്തല ചോദിച്ചു. 2019 ഓഗസ്റ്റ് മാസത്തില്‍ ഇ.എം.സി.സിയുടെ സിഇ ഒയുമായി ക്‌ളിഫ്ഹൗസില്‍ ചര്‍ച്ച ചെയ്‌തെന്ന് കമ്പിനി പ്രസിഡന്റ് ഷിജു വര്‍ഗീസ് തന്നെ പറഞ്ഞിട്ടുണ്ട്. പ്രതിപക്ഷ നേതാവുമായി കമ്പിനി ഗൂഢാലോചന നടത്തിയെന്ന് മന്ത്രി മേഴ്സിക്കുട്ടിയമ്മ ഇന്നലെ ആരോപിച്ചെന്നും ചെന്നിത്തല പരിഹസിച്ചു. ഈ കമ്പിനിയുമായുളള എല്ലാ കരാറുകളും റദ്ദാക്കണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.