കൊച്ചി : ഇഎംസിസി ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ ധാരണപത്രം റദ്ദാക്കിയതിന് പിന്നാലെ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ പൊട്ടിത്തറിച്ച് ഇ.എം.സി.സി പ്രസിഡന്റ് ഷിജു എം.വര്‍ഗീസ്. മന്ത്രി തുടര്‍ച്ചയായി കളളംപറയുന്നുവെന്ന് ഇ.എം.സി.സി അധ്യക്ഷന്‍ തുറന്നടിച്ചു. ഇനിയെങ്ങനെയാണ് തുറന്നുപറയാതിരിക്കുക..? ഓരോ ദിവസവും ഓരോ കള്ളമാണ് പറയുന്നത്. രേഖാമൂലം ഉള്ള കാര്യം പോലും നിഷേധിക്കുകയാണ്. അധികാരികളെ വിശ്വസിച്ചാണ് കമ്പനി മുതല്‍മുടക്കാന്‍ തുനിഞ്ഞത്. ഫിഷറീസ് നയം മന്ത്രിക്ക് അറിയില്ലേ, നടക്കില്ലെങ്കില്‍ മുന്നേ പറയാമായിരുന്നില്ലേ..? എത്രമാത്രം മുതല്‍മുടക്ക് ഉണ്ടെന്ന് അറിയാതെയാണോ കാര്യങ്ങള്‍ നീക്കിയത്..? അദ്ദേഹം രോഷത്തോടെ ചോദിച്ചു.
നയമില്ലെങ്കില്‍ എന്തിനാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വിദേശകാര്യമന്ത്രാലയത്തിന് കത്ത് നല്‍കിയത്. ആഴക്കടലിലുളള മല്‍സ്യം മുഴുവന്‍ പെറുക്കി കൊണ്ടുപോകുന്ന കുത്തകയല്ല ഇ.എം.സി.സി അദ്ദേഹം വിശദീകരിച്ചു. കേരളത്തില്‍ ഈ പദ്ധതി എത്തിക്കാന്‍ രണ്ടുവര്‍ഷം പ്രയത്‌നിച്ചു. ഒരു മാസം കഷ്ടപ്പെട്ടാല്‍ ഈ പദ്ധതി മറ്റ് സംസ്ഥാനങ്ങളില്‍ നടപ്പാക്കാമായിരുന്നു. ഷിജു വര്‍ഗീസ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ നിര്‍ദേശം അനുസരിച്ചാണ് ധാരണപത്രം റദ്ദാക്കിയത്. ധാരണാപത്രത്തിലേക്ക് നയിച്ച കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. പ്രതിപക്ഷനേതാവ് ഉന്നയിച്ച ആരോപണങ്ങളും പരിശോധിക്കും. 400 ട്രോളറുകള്‍ നിര്‍മിക്കാനും അനുബന്ധ പ്രവര്‍ത്തികള്‍ക്കുമായിരുന്നു ധാരണാപത്രം.