ശബരിമല : ദര്‍ശനത്തിനായി എത്തുന്ന അയ്യപ്പഭക്തന്മാര്‍ക്കു വിപുലമായ സൗകര്യമൊരുക്കി സംസ്ഥാന ആരോഗ്യവകുപ്പ്. നേരത്തേയുണ്ടായിരുന്ന ഓക്സിജന്‍ പാര്‍ലറുകളുടെ സ്ഥാനത്ത് ആധുനിക സംവിധാനത്തിലുള്ള എമര്‍ജന്‍സി മാനേജ്മന്റ് സെന്‍ററുകളാണ് (ഇ.എം.സി) ഇപ്പോഴുള്ളത്. മലകയറുമ്പോള്‍ തീര്‍ത്ഥാടകര്‍ക്കുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് അടിയന്തിര ശുശ്രൂഷ നൽകി ജീവൻ രക്ഷിക്കുകയാണ് ഇ എം സികളുടെ ലക്ഷ്യം.
ഇതരസംസ്ഥാനത്തു നിന്നെത്തുന്ന അയ്യപ്പന്മാരുള്‍പ്പടെ നിരവധി ഭക്തരാണ് നിത്യേന ഇവിടങ്ങളില്‍ ചികില്‍സ തേടിയെത്തുന്നുണ്ട്. പമ്പ മുതല്‍ സന്നിധാനംവരെ പരമ്പരാഗത പാതയിൽ നിലവിൽ ഏഴ് ഇ.എം.സികൾ ആണിപ്പോഴുള്ളത്. പരിശീലനം സിദ്ധിച്ച നഴ്സുമാരുടെ സേവനം ഇവിടെ ലഭ്യമാണ്. അയ്യപ്പസേവാസംഘത്തിലെ സന്നദ്ധഭടന്മാരുടെ സഹായ-സഹകരണവും ഭക്തര്‍ക്ക് ലഭിക്കുന്നുണ്ട്. ശബരി പാതയിൽ അഞ്ച് ഇ എം സികൾ വേറെയുമുണ്ട്. അടിയന്തര ആവശ്യത്തിന് പ്രത്യേക ഹോട്ട് ലൈൻ കണക്ഷനും ഇവിടെയുണ്ട്.
ഇതിനു പുറമെ നീലിമല ,അപ്പാച്ചിമേട് എന്നിവിടങ്ങളിൽ കാർഡിയോളജി മെഡിക്കൽ യൂണിറ്റുകളും പ്രവർത്തനം തുടങ്ങി.
മല കയറുമ്പോൾ ബുദ്ധിമുട്ടനുഭവപ്പെടുന്നവർക്ക് പ്രാഥമിക ചികിത്സ നൽകി ജീവൻ രക്ഷിക്കുകയാണ് ലക്ഷ്യം. ഒരു കാർഡിയോളോജിസ്റ്റ് , മെഡിക്കൽ ഓഫീസർ , എൻ എച്ച് എം മുഖേനെയുള്ള രണ്ടു ഡോക്ടർമാർ പത്ത് പാരാമെഡിക്കൽ ജീവനക്കാർ എന്നിങ്ങനെയാണ് ഓരോ കാർഡിയോളജി യൂണിറ്റിലും ജീവനക്കാരുള്ളത്.
സന്നിധാനത്തെ സർക്കാർ ആശുപത്രിയിലും വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. അത്യാധുനിക തീവ്രപരിചരണ വിഭാഗം ഇരുപത്തിനാലു മണിക്കൂറും പ്രവർത്തനക്ഷമമാണ്.
കാർഡിയോളജി , പൾമനോളജി,അനസ്തേഷ്യ, സർജറി, ജനറൽ മെഡിസിൻ വിദഗ്ദ്ധരുടെ സേവനവും ഇവിടെ ഒരുക്കിയിട്ടുണ്ട്. രോഗബാധിതരെ ഇരുപത് മിനിറ്റിനകം പമ്പയിലെത്തിക്കാൻ കഴിയുന്ന ഗൂർഖ ആംബുലൻസ് സംവിധാനവും ഇവിടെയുണ്ട്. നീലിമല, അപ്പാച്ചിമേട് കാർഡിയോളജി യൂണിറ്റുകൾക്ക് പുറമെ നിലയ്ക്കല്‍, പമ്പ, ചരല്‍മേട്, സന്നിധാനം ഉള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ ആരോഗ്യവകുപ്പിന്‍റെ ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. അഞ്ചു വീതം ആംബുലൻസുകൾ പമ്പയിലും നിലയ്ക്കലിലും ലഭ്യമാണ് ഇത് കൂടാതെ രണ്ട് എ എസ് എൽ ആംബുലൻസുകളും പമ്പയിലുണ്ട് .
ശബരിമല തീര്‍ഥാടനത്തിനെത്തുന്നവര്‍ മലകയറുമ്പോള്‍ ഇടയ്ക്ക് വിശ്രമിക്കുവാന്‍ ശ്രദ്ധിക്കണമെന്ന് ശബരിമല മെഡിക്കൽ നോഡൽ ഓഫീസറായ ഡോ. സന്തോഷ് കുമാർ പറഞ്ഞു. അസ്വസ്ഥതയുണ്ടാകുന്ന രീതിയില്‍ ഹൃദയമിടിപ്പ് അനുഭവപ്പെടുകയാണെങ്കില്‍ വിശ്രമിച്ച ശേഷം മാത്രം യാത്ര തുടരണം. ബുദ്ധിമുട്ടുകള്‍ അനുഭവപ്പെടുന്ന തീര്‍ഥാടകര്‍ പമ്പമുതല്‍ സന്നിധാനം വരെയുള്ള എമര്‍ജന്‍സി സെന്‍ററുകളിൽ ഉടൻ വൈദ്യസഹായം തേടണം. അമിതഭാരം വഹിച്ചും അമിതമായി ഭക്ഷണം കഴിച്ചശേഷവും മലകയറുന്നത് ഒഴിവാക്കണം രോഗങ്ങളുള്ള തീര്‍ഥാടകര്‍ മലയകയറുന്നതിനു മുന്‍പ് പമ്പാ സര്‍ക്കാര്‍ ആശുപത്രിയില്‍ പരിശോധന നടത്തുന്നത് ഉചിതമായിരിക്കും. കൊവിഡ് പ്രതിരോധ മാർഗ നിർദേശങ്ങൾ എല്ലാവരും പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.