കോന്നി : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിലെ താത്കാലിക ജീവനക്കാരെ മുന്നറിയിപ്പില്ലാതെ പിരിച്ചു വിട്ടതിൽ പ്രതിഷേധിച്ച് ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചു. അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ 8 പേരെയും കോന്നി ഇക്കോ ടൂറിസം കേന്ദ്രത്തിൽ 6 പേരെയും ആണ് ഒഴിവാക്കാൻ തീരുമാനിച്ചത്. യാതൊരു മുന്നറിയിപ്പും കൂടാതെ ബുധനാഴ്ച വൈകുന്നേരമാണ് താത്കാലിക ജീവനക്കാർക്ക് അറിയിപ്പ് ലഭിക്കുന്നത്. രാവിലെ കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ ഗവി സഞ്ചാരികളുമായി ബസ് എത്തിയപ്പോൾ രാവിലെയുള്ള തുഴച്ചിൽക്കാരിൽ നാലിൽ മൂന്ന് പേരും 60 വയസ് കഴിഞ്ഞവർ ആയതിനാൽ സവാരി നടത്താൻ കഴിയാതെ വരികയും തുടർന്ന് വിനോദ സഞ്ചാരികൾ കുട്ടവഞ്ചി സവാരി നടത്താതെ മടങ്ങുകയുമായിരുന്നു.
ബാംബുഹട്ടിലെ ജീവനക്കാർ, ആരണ്യകം കഫേ ജീവനക്കാർ അടക്കം അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുകയും ഞള്ളൂർ ഫോറെസ്റ്റ് ഡെപ്യൂട്ടിക്ക് നിവേദനം നൽകുകയുമായിരുന്നു. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിന് മുൻപ് തന്നെ വനം വകുപ്പ് 60 വയസ്സ് കഴിഞ്ഞവരെ ജോലിയിൽ നിന്ന് പിരിച്ചു വിടണം എന്ന് ഉത്തരവ് ഇറക്കിയിരുന്നു എന്നും അതാണ് നടപ്പാക്കിയത് എന്നുമാണ് വനം വകുപ്പ് അധികൃതർ വിഷയത്തിൽ നൽകുന്ന വിശദീകരണം. കുട്ടവഞ്ചി സവാരി കേന്ദ്രത്തിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന ആളുകളെയാണ് പെട്ടെന്ന് പിരിച്ചുവിടാൻ തീരുമാനിച്ചത്. പെട്ടെന്ന് മറ്റൊരു ജോലിക്ക് പോകാൻ കഴിയാത്ത ഇവരുടെ ജീവിതമാർഗമാണ് വഴിമുട്ടിയത്. ഇതിന് പരിഹാരം കാണുന്നത് വരെ സമരം തുടരും എന്നും തൊഴിലാളികൾ പറഞ്ഞു.