പെരിന്തല്‍മണ്ണ : പെരിന്തല്‍മണ്ണ ഇ എം എസ് സഹകരണ ആശുപത്രിയില്‍ ഡോക്ടര്‍ ഉള്‍പ്പെടെയുള്ളവരെ കൈയേറ്റം ചെയ്ത സംഭവത്തില്‍ പ്രതിഷേധിച്ച് മലപ്പുറത്ത് ഇന്ന് ഐ എം എ നടത്താനിരുന്ന പണിമുടക്ക് പിന്‍വലിച്ചു. കൈയേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സമരത്തിന് ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായതോടെ സമരം ഉപേക്ഷിക്കുകയായിരുന്നു.
ഐ എം എ മുന്‍ സംസ്ഥാന പ്രസിഡന്റ് എ വി ജയകൃഷ്ണന്‍ ഡോക്ടര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും കഴിഞ്ഞ വെള്ളിയാഴ്ചയാണ് മര്‍ദനമേറ്റത്. റോഡപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരിക്കെ പെരിന്തല്‍മണ്ണ താഴേക്കോട് സ്വദേശിയായ ഫാത്തിമത്ത് ഷമീബ ആശുപത്രിയില്‍ വെച്ച് മരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ഇവരുടെ ബന്ധുക്കള്‍ ഡോക്ടറേയും ജീവനക്കാരെയും കൈയേറ്റം ചെയ്തത്. ആശുപത്രിക്ക് നാശനഷ്ടങ്ങളും ഉണ്ടാക്കി.