ഏനാത്ത് : എം.സി.റോഡിലേക്ക് കയറുന്ന ലിങ്ക് റോഡിൽ അപകടത്തിന് സാധ്യത. ഏനാത്ത് ടൗണിൽ മണ്ണടി റോഡിൽനിന്ന് എം.സി.റോഡിലേക്ക് കയറുന്ന ഇടമാണ് അപകടകരമായ തരത്തിലുള്ളത്. കുത്തനെ കയറ്റമാണ് ഈ റോഡ്. കയറ്റം കയറിവരുന്ന വാഹനങ്ങൾ പ്രധാനപാതയിലേക്ക് പ്രവേശിക്കുന്നിടത്ത് ഇരുവശവും കൃത്യമായി കാണാൻ സാധിക്കില്ല. മെയിൻറോഡിൽക്കൂടി പോകുന്ന വാഹനങ്ങൾക്ക് ഉപറോഡിൽനിന്ന് വരുന്ന വാഹനങ്ങളും ശ്രദ്ധയിൽപ്പെടില്ല. കയറ്റത്ത് വാഹനം ചവിട്ടിനിർത്തി എടുക്കുമ്പോൾ നിയന്ത്രണം നഷ്ടമായാൽ ഇരുവശത്തുമുള്ള താഴ്ചയിലേക്ക് മറിയാനും സാധ്യതയുണ്ട്.
മണ്ണടി റോഡിനെയും എം.സി.റോഡിനെയും ബന്ധിപ്പിച്ച് കുറച്ച് അപ്പുറത്തുതന്നെ മറ്റൊരു ലിങ്ക് റോഡുണ്ട്. അതിനാൽ അപകടകരമായ ഈ പാതയിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തണമെന്നാണ് ഇവിടെയുള്ളവർ ആവശ്യപ്പെടുന്നത്. പാതയിലെ വാഹനഗതാഗതം പൂർണമായി ഒഴിവാക്കുകയോ, ഇറങ്ങിവരുന്ന വാഹനങ്ങൾക്കുമാത്രമായി വൺവേയാക്കി മാറ്റുകയോ ചെയ്യണമെന്നാണ് ആവശ്യം. മണ്ഡലകാലം ആരംഭിച്ചാൽ എം.സി.റോഡിലെ വാഹനത്തിരക്കേറും. അതിനു മുന്നോടിയായി ലിങ്ക് റോഡിന്റെ കാര്യത്തിൽ അധികൃതർ വേണ്ടനടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാർ പറയുന്നത്.