ഏനാത്ത് : ഏനാത്ത് ഇടത്താവളത്തിലെ ശൗചാലയവും അനുബന്ധ സംവിധാനവും ശോചനീയാവസ്ഥയിൽ. എം.സി.റോഡിലെ ഏറ്റവും പ്രധാന ഇടത്താവളങ്ങളിൽ ഒന്നാണിത്. മണ്ഡലകാലം വന്നപ്പോഴും ഇടത്താവളം മോശമായ അവസ്ഥയിലാണ്. ശൗചാലയത്തിലേക്ക് പോകുന്ന ഭാഗം മുഴുവൻ കാടുകയറി പായൽ പിടിച്ചു കിടക്കുകയാണ്.
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് 2011-ലാണ് ശൗചാലയ കെട്ടിടം നിർമിച്ചത്. ഇവിടം ഇപ്പോൾ ഇഴജന്തുക്കളുടെ വാസസ്ഥലമായി. ഒരിക്കൽ ദേവസ്വം അധികൃതർ പേരിനുമാത്രം കെട്ടിടത്തിന്‍റെ ചുറ്റുമുള്ള കാട് വെട്ടിത്തെളിച്ചിരുന്നു. തുടർന്ന് ക്ഷേത്രത്തിന്‍റെ നേതൃത്വത്തിൽ നാട്ടുകാരാണ് ശൗചാലയത്തിനു ചുറ്റും വൃത്തിയാക്കിയത്.
ജില്ലാ പഞ്ചായത്ത് ഏനാത്തെ ഇടത്താവളത്തിന് വേണ്ടത്ര പരിഗണന നൽകുന്നില്ലെന്ന ആക്ഷേപം മുൻപുതന്നെ ഭക്തർക്കിടയിലുണ്ട്. തമിഴ്നാട്- തിരുവനന്തപുരം ഭാഗത്തുനിന്നുവരുന്ന അയ്യപ്പൻമാർക്ക് കൊട്ടാരക്കര കഴിഞ്ഞാൽ പിന്നെ കൈപ്പട്ടൂർ-പത്തനംതിട്ട റോഡിലെ ഉഴുവത്ത്, ഓമല്ലൂർ ക്ഷേത്രങ്ങളിൽ മാത്രമാണ് ഇപ്പോൾ ഇടത്താവളമുള്ളത്.