ഏനാത്ത് : മാതാപിതാക്കളെ മർദ്ദിച്ചതിന് മകനെയും സഹായത്തിനെത്തിയ ഭാര്യാപിതാവിനെയും ഏനാത്ത് പോലീസ് അറസ്റ്റുചെയ്തു. ഏനാത്ത് വടക്കടത്തുകാവ് കിളിവയൽ സാഗര നിവാസിൽ സുധാകരൻ, സുലജ എസ്.നായർ എന്നിവർക്കാണ് മർദ്ദനമേറ്റത്. ഇവരുടെ മകൻ സന്ദീപ്, ഇയാളുടെ ഭാര്യാപിതാവ് കിരൺ എന്നിവരെയാണ് അറസ്റ്റുചെയ്തത്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവമുണ്ടായത്. സന്ദീപും സുധാകരനുമായി കുറച്ചുനാളായി പ്രശ്നം നിലനിന്നിരുന്നു. സന്ദീപ് ഭാര്യയുടെ സ്വദേശമായ ചേർത്തലയിലാണ് നിലവിൽ താമസിക്കുന്നത്.
വൈകിട്ട് ഭാര്യയും ഭാര്യയുടെ മാതാപിതാക്കളുമായി സന്ദീപ് ഏനാത്തെ വീട്ടിൽ വന്നശേഷം അച്ഛനും അമ്മയുമായി പ്രശ്നമുണ്ടായി. തർക്കത്തിനിടെ സുധാകരനെ ദിവാൻകോട്ടിൽനിന്ന് വലിച്ചുതാഴെയിട്ടശേഷം സന്ദീപ് തലയ്ക്കും മറ്റും ഇടിച്ചതായി പരാതിയിൽ പറയുന്നു. സുധാകരന്റെ നടുവിരലിന് പൊട്ടലുണ്ട്. തടയാൻ ശ്രമിച്ച സുലജയുടെ നെഞ്ചിൽ കിരൺ ഇടിച്ചു. മർദ്ദനമേറ്റ ദമ്പതിമാർ അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഏനാത്ത് പോലീസിൽ സുലജ നൽകിയ പരാതി പ്രകാരമാണ് കേസെടുത്തത്. ഇൻസ്പെക്ടർ അമൃതസിങ് നായകത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റുചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി.