കോഴഞ്ചേരി : തിരക്കേറിയ പുല്ലാട് ജംഗ്ഷനില്‍ നിരവധിപേര്‍ റോഡ് കയ്യേറിയാണ് കച്ചവടം നടത്തുന്നതെന്ന് പുല്ലാട് സുനില്‍ നാഗപൂര്‍ പറയുന്നു. ഇവരുടെ പേരുവിവരങ്ങളും ഇദ്ദേഹം പത്തനംതിട്ട മീഡിയയുടെ ഫെയിസ് ബുക്ക് പേജില്‍ കമന്റിലൂടെ വ്യക്തമാക്കുന്നുണ്ട്. പുല്ലാട് ജംഗ്ഷനിലെ ഒരു വ്യാപാരി പൊതുജനങ്ങള്‍ക്കുള്ള നടപ്പാതയില്‍ കടയിലെ സാധനങ്ങള്‍ പ്രദര്‍ശിപ്പിച്ചതിനെതിരെ പത്തനംതിട്ട മീഡിയാ ഇന്ന് വാര്‍ത്ത നല്‍കിയിരുന്നു. ഇതിലൂടെയാണ് സുനില്‍ പുല്ലാട് ജംഗ്ഷനിലെ കയ്യേറ്റത്തെക്കുറിച്ച് പറയുന്നത്.
ജനങ്ങള്‍ക്ക് അപകടരഹിതമായും ഭയമില്ലാതെയും നടക്കുവാനുള്ളതാണ് നടപ്പാതകള്‍. എന്നാല്‍ മിക്ക സ്ഥലത്തും ഈ നടപ്പാതകള്‍ വ്യാപാരികള്‍ കയ്യടക്കുകയാണ്. ഇതുമൂലം ജനങ്ങള്‍ നടപ്പാത വിട്ട് റോഡില്‍ക്കൂടി നടക്കുവാന്‍ നിര്‍ബന്ധിതരായി തീരുന്നു. ഇതാണ് പല അപകടങ്ങള്‍ക്കും കാരണം. കുട്ടികളും പ്രായം ചെന്നവരുമാണ് ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുന്നത്. ഇത്തരം കയ്യേറ്റങ്ങള്‍ക്കെതിരെ നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ പലപ്പോഴും അറിഞ്ഞുകൊണ്ട് മൌനം പാലിക്കുകയാണ്. തിരുവല്ല – കുമ്പഴ പാതയിലെ തിരക്കേറിയ പ്രധാന സ്ഥലമാണ് പുല്ലാട്.
വാഹനങ്ങള്‍ തലങ്ങും വിലങ്ങുമാണ് ഇവിടെ പാര്‍ക്ക് ചെയ്യുന്നത്. കോയിപ്രം പോലീസ് സ്റ്റേഷന്‍ തൊട്ടടുത്തായതിനാല്‍ ഇപ്പോഴും പോലീസ് സഞ്ചരിക്കുന്ന വഴിയുമാണ് ഇവിടം. എന്നിരുന്നാലും കുപ്പിക്കഴുത്ത് പോലുള്ള ഈ ജംഗ്ഷനിലെ അനധികൃത പാര്‍ക്കിംഗിനു നേരെ പോലീസ് കണ്ണടക്കുകയാണ്. ഗുഡ്സ് വാഹനങ്ങള്‍ വരെ ഈ തിരക്കേറിയ ജംഗ്ഷനിലാണ് പാര്‍ക്ക് ചെയ്യുന്നത്. തന്നെയുമല്ല ബസ്സ് സ്റ്റോപ്പുകളും ജംഗ്ഷനില്‍ തന്നെയാണ്. തീരെ വീതി കുറഞ്ഞ റോഡാണ് പുല്ലാട് – മല്ലപ്പള്ളി. ഇവിടെയും എപ്പോഴും ഗതാഗത കുരുക്കാണ്. പഞ്ചായത്ത് അധികൃതരും ഇക്കാര്യത്തില്‍ കാണിക്കുന്നത് അലംഭാവമാണ്. ഏതു നിമിഷവും ഇവിടെ വന്‍ അപകടം ഉണ്ടാകാം. അതിനുശേഷം ഉണരുവാന്‍ തയ്യാറെടുക്കുകയാണ് പോലീസും കോയിപ്രം പഞ്ചായത്ത് അധികൃതരും.