കോന്നി: കോന്നി മെഡിക്കല്‍ കോളേജ് പരിസത്തെ സര്‍ക്കാര്‍ ഭൂമിയില്‍ കയ്യേറ്റങ്ങള്‍ വര്‍ധിക്കുന്നു. കൃഷി വകുപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ള ഭൂമിയിലാണ് കയ്യേറ്റങ്ങള്‍ വര്‍ധിക്കുന്നത്. കൃഷി വകുപ്പിന്റെ കീഴില്‍ പന്തളം ഫാമിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥലത്താണ് സ്വകാര്യ വ്യക്തികള്‍ ഭൂമി കൈയ്യേറുന്നത്. ഇരുപത്തിയഞ്ച് ഏക്കറോളം ഭൂമിയാണ് ഇവിടെ കൃഷി വകുപ്പിന്റെ അധീനതയില്‍ ഉണ്ടായിരുന്നത്. ഇതില്‍ കോന്നി മെഡിക്കല്‍ കോളേജ്, കേന്ദ്രീയ വിദ്യാലയം, ബ്ലെഡ്ഡ് ബാഗ് നിര്‍മ്മാണ യൂണിറ്റ്, ഡ്രെഗ്സ് കണ്‍ട്രോള്‍ ലാബ് എന്നിവക്ക് വിട്ടുനല്‍കിയ ശേഷം നിലവില്‍ നാല് ഏക്കറോളം വരുന്ന ഭൂമിയാണ് നിലവില്‍ ഉള്ളത്. ഇതില്‍ പകുതിയില്‍ അധികം ഭൂമിയും സ്വകാര്യ വ്യക്തികള്‍ കയ്യേറിയിട്ടുണ്ട്.
കൃഷി വകുപ്പിന്റെ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ ഭൂമിയിലേക്ക് റോഡ് നിര്‍മ്മിച്ചിരിക്കുന്നത് ഈ സര്‍ക്കാര്‍ ഭൂമിയിലേക്ക് ആണെന്നതാണ് ശ്രദ്ധേയം. വിലക്കുറവുള്ള സ്വകാര്യ ഭൂമിയിലേക്ക് ഇതിന് തൊട്ടടുത്തുള്ള സര്‍ക്കാര്‍ ഭൂമിയിലൂടെ ആണ് വഴി വെട്ടിയിരിക്കുന്നത്. മാത്രമല്ല കൃഷി വകുപ്പ് സ്ഥാപിച്ചിരിക്കുന്ന ഇരുമ്പ് വേലികളും പലതും ഇളക്കി മാറ്റിയിട്ടുണ്ട്. വിലക്കുറവുള്ള ഭൂമിയിലേക്ക് സര്‍ക്കാര്‍ ഭൂമിയിലൂടെ വഴി വെട്ടി വന്‍ തുകക്ക് ഭൂമി സ്വകാര്യ വ്യക്തികള്‍ വില്പന നടത്തുന്നതും വര്‍ധിക്കുന്നുണ്ട്. 2021 ല്‍ ഇവിടെ കൃഷി വകുപ്പ് സ്ഥാപിച്ച വേലി പൊളിച്ച് മാറ്റുകയും സ്വകാര്യ വ്യക്തികള്‍ ഭൂമി കയ്യേറുകയും ചെയ്തിരുന്നു. നിലവില്‍ സ്വകാര്യ വ്യക്തികള്‍ പല സ്ഥലങ്ങളിലും സര്‍ക്കാര്‍ സ്ഥാപിച്ച വേലി പൊളിച്ച് മാറ്റി കയ്യേറിയതോടെ സ്വകാര്യ ഭൂമിയും സര്‍ക്കാര്‍ ഭൂമിയും തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയാണ്. ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേ നടത്തി മാത്രമേ ഈ ഭൂമി അളന്ന് തിട്ടപ്പെടുത്തുവാന്‍ കഴിയുള്ളു. മെഡിക്കല്‍ കോളേജ് റോഡിന് ഇരുവശങ്ങളിലുമായി നിര്‍മിച്ചിരിക്കുന്ന കടകളും സര്‍ക്കാര്‍ ഭൂമിയിലേക്ക് ഇറക്കിയാണ് നിര്‍മ്മിച്ചിരിക്കുന്നതെന്ന് പറയുന്നു. സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ വര്‍ഷങ്ങളായി കയ്യേറുന്ന വിഷയത്തില്‍ അടിയന്തിര നടപടി സ്വീകരിക്കേണ്ടത് ആവശ്യമാണ്.