കൊച്ചി : കൊച്ചിയിൽനിന്ന് അബുദാബിയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിൽ എൻജിൻ ഓയിലിന്റെ അളവ് അതിവേഗം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിരിച്ചിറക്കി. കൊച്ചി-അബുദാബി IX 415 എയർ ഇന്ത്യ എക്‌സ്പ്രസ് ബോയിങ് 737 വിമാനമാണ് പാതിവഴിയിൽ യാത്ര ഉപേക്ഷിച്ച് തിരിച്ചിറക്കിയത്. ഓഗസ്റ്റ് 31ന് നടന്ന സംഭവത്തിന്റെ വിവരങ്ങൾ ഇപ്പോഴാണ് പുറത്തുവരുന്നത്. ഒന്നാം എൻജിനിലെ ഓയിലിന്റെ അളവ് അതിവേഗം കുറയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണിത്. ഓയിൽ മർദ്ദം അപകടകരമായ നിലയിലെത്തിയപ്പോൾ എൻജിൻ ഓഫ് ചെയ്തതായും അധികൃതരെ ഉദ്ധരിച്ച് എ.എൻഐ റിപ്പോർട്ട് ചെയ്യുന്നു. വിമാനം കൊച്ചി വിമാനത്താവളത്തിൽ സുരക്ഷിതമായി തിരിച്ചിറക്കി.
വിമാനം പറന്നുയർന്ന് ഏകദേശം 50 മിനിറ്റിന് ശേഷം 36,000 അടി ഉയരത്തിൽ പറക്കുമ്പോഴാണ് ഒന്നാം എൻജിനിലെ ഓയിലിന്റെ അളവ് അതിവേഗം കുറയുന്നത് പൈലറ്റും കോ-പൈലറ്റും ശ്രദ്ധിച്ചത്. തുടർന്ന് ജീവനക്കാർ ഫോർഡെക് (FORDEC) വിലയിരുത്തൽ നടത്തി. തുടർന്ന് യാത്ര ഉപേക്ഷിച്ച് കൊച്ചിയിലേക്ക് തന്നെ മടങ്ങാൻ തീരുമാനിക്കുകയായിരുന്നു. ഒരു എൻജിൻ മാത്രം പ്രവർത്തിപ്പിച്ചാണ് വിമാനം ലാൻഡ് ചെയ്യിച്ചത്. പൈലറ്റുമാരും ഏവിയേഷൻ മേഖലയിലുള്ളവരും അടിയന്തര സാഹചര്യങ്ങളിലോ സങ്കീർണ്ണമായ സന്ദർഭങ്ങളിലോ പെട്ടെന്ന് ശരിയായ തീരുമാനങ്ങൾ എടുക്കാൻ ഉപയോഗിക്കുന്ന ഒരു ഡിസിഷൻ മേക്കിംഗ് രീതിയാണ് ഫോർഡെക്. സമ്മർദ്ദമേറിയ സാഹചര്യങ്ങളിൽ വികാരവിചാരങ്ങൾക്ക് അടിപ്പെടാതെ യുക്തിസഹമായി ചിന്തിച്ച് ഏറ്റവും സുരക്ഷിതമായ മാർഗ്ഗം കണ്ടെത്താനായി രൂപീകരിച്ച സംവിധാനമാണിത്. സംഭവത്തിന് ശേഷം യാത്രക്കാരെ മറ്റൊരു വിമാനത്തിൽ അബുദാബിയിലേക്ക് എത്തിച്ചതായി എയർ ഇന്ത്യ എക്പ്രസ് വക്താവ് അറിയിച്ചു.
































