കാക്കിനഡ: ആന്ധ്രപ്രദേശിൽ ഗവ. എൻജിനീയറും കുടുംബവും പുഴയിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ ആരോപണവിധേയനായ ഷൂട്ടിങ് കോച്ച് അറസ്റ്റിലായി. കേസിൽ പ്രതിയായ ഷെയ്ഖ് സാദിഖ് ഖാനെയാണ് ഉത്തർപ്രദേശിലെ മീററ്റിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ ട്രാൻസിറ്റ് വാറന്റ് വാങ്ങി ആന്ധ്രപ്രദേശിൽ എത്തിച്ചതായി കാക്കിനാഡ എസ്പി ജി. ബിന്ദു മാധവ് മാധ്യമങ്ങളോട് പറഞ്ഞു.പഞ്ചായത്ത് രാജ് വകുപ്പിലെ അസി. എൻജിനീയർ തില്ലപുഡി നൂക്കാ രാജു, ഭാര്യ മീന, മകൾ സൗജന്യ എന്നിവരാണ് ഗോദാവരി നദിയിൽ ചാടി ആത്മഹത്യചെയ്തത്. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. രാജാമുണ്ഡ്രിയിലെ പാലത്തിൽനിന്നാണ് കുടുംബം നദിയിലേക്ക് ചാടിയത്. ഇവർക്കൊപ്പം സൗജന്യയുടെ പത്തുവയസ്സുള്ള മകനും പുഴയിൽ ചാടിയിരുന്നെങ്കിലും കുട്ടിയെ പിന്നീട് മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു.
മരിച്ച മൂന്നുപേരുടെയും ആത്മഹത്യാക്കുറിപ്പുകൾ പരിശോധിച്ചതോടെയാണ് ഷൂട്ടിങ് കോച്ചായ ഷെയ്ഖ് സാദിഖിനെതിരേയുള്ള വിവരങ്ങൾ ലഭിച്ചത്. മരണത്തിന് ഉത്തരവാദി ഇയാളാണെന്നും ഇയാളുടെ ഭീഷണിയും സ്വത്ത് തട്ടിയെടുക്കാനുള്ള ശ്രമങ്ങളുമാണ് കൂട്ട ആത്മഹത്യയ്ക്ക് കാരണമെന്നുമാണ് മൂവരും എഴുതിയിരുന്നത്. സൗജന്യയുടെ ഭർത്താവ് ജഗദീഷ് റെഡ്ഡി കഴിഞ്ഞ ജൂലായിൽ മരിച്ചത് വിഷം ഉള്ളിൽച്ചെന്നാണെന്നും ഇദ്ദേഹത്തെ ഷെയ്ഖ് സാദിഖ് ഖാൻ വിഷം നൽകി കൊലപ്പെടുത്തിയതാണെന്നും ആരോപണമുണ്ടായിരുന്നു. ഇതോടെയാണ് പൊലീസ് സാദിഖ് ഖാനായി തിരച്ചിൽ ആരംഭിച്ചത്. പ്രതി സംസ്ഥാനം വിട്ടതോടെ പൊലീസ് വിവിധസംഘങ്ങളായി തിരിഞ്ഞ് വിവിധ സംസ്ഥാനങ്ങളിൽ ഊർജിത തിരച്ചിൽ നടത്തി. ഇതിനിടെയാണ് ഉത്തർപ്രദേശിൽനിന്ന് പ്രതിയെ പിടികൂടിയത്.






























