ലഖ്നൗ : പട്ടാപ്പകല്‍ എന്‍ജീനിയറിംഗ് വിദ്യാര്‍ത്ഥിയെ പൊതുസ്ഥലത്ത് കുത്തിക്കൊന്നു. 23കാരനായ പ്രശാന്ത് സിംഗ് ആണ് കൊല്ലപ്പെട്ടത്. ലഖ്നൗ ടോംതി നഗറിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്ത് വന്നു. കുറച്ചാളുകള്‍ ഇന്നോവ കാര്‍ തടഞ്ഞു നിര്‍ത്തി കാറിനുള്ളിലെ രണ്ട് പേരെ ആക്രമിച്ചു. കുറച്ച് നിമിഷങ്ങള്‍ക്ക് ശേഷം പ്രശാന്ത് സിംഗ് കാറിനുള്ളില്‍ നിന്ന് പുറത്തേക്കോടി പ്രാണരക്ഷാര്‍ത്ഥം കെട്ടിടത്തിനുള്ളിലേക്ക് കയറി. പിന്നീട് രക്തത്തില്‍ കുളിച്ച് കിടക്കുന്ന പ്രശാന്തിനെയാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടിരുന്നെന്ന് പോലീസ് പറഞ്ഞു.
വാരാണസി സ്വദേശിയായ പ്രശാന്ത് സിംഗ് ലഖ്നൗവിലെ പ്രമുഖ എന്‍ജിനീയറിംഗ് കോളേജിലാണ് പഠിക്കുന്നത്. പ്രശാന്ത് സിംഗിന്റെ ജൂനിയറായി പഠിക്കുന്ന വിദ്യാര്‍ത്ഥിയാണ് കൊലപാതകത്തിന് പിന്നിലെന്ന് കൂടെയുണ്ടായിരുന്ന വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. അതേസമയം കൊലപാതകത്തിന് പിന്നില്‍ ഉത്തര്‍പ്രദേശ് എംഎല്‍എയുടെ മകനാണെന്ന് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കൊലപാതകത്തില്‍ ഒരാള്‍ അറസ്റ്റിലായെന്നും റിപ്പോര്‍ട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.