എറണാകുളം: കിഴക്കമ്പലം പഞ്ചായത്തിലെ കിറ്റക്സ് ഫാക്ടറിയില്‍ വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ കോവിഡ് ബാധയിലാണെന്ന തരത്തിലുള്ള മാധ്യമ റിപ്പോര്‍ട്ടിന്റെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കാന്‍ എറണാകുളം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് കേരള വനിതാ കമ്മിഷന്റെ നിര്‍ദ്ദേശം.
മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്യുന്ന പ്രകാരം വനിതകളുള്‍പ്പെടെയുള്ള കോവിഡ് ബാധിതരായ ജീവനക്കാര്‍ക്ക് അടിയന്തിരമായി ചികിത്സ നല്‍കണമെന്നും മറ്റുള്ളവരെ സുരക്ഷിതമായി ക്വാറന്റൈന്‍ ചെയ്യണമെന്നും വനിത കമ്മിഷന്‍ അംഗം അഡ്വ. ഷിജി ശിവജി നിര്‍ദേശിച്ചു. കിറ്റെക്സ് കമ്പിനിയുടെ ഉല്‍പ്പാദന യൂണിറ്റില്‍ കോവിഡ് വ്യാപിച്ചുകൊണ്ടിരിക്കുകയാണെന്നും തൊഴിലാളികള്‍ക്ക് പരിശോധനയോ മറ്റ് മെഡിക്കല്‍ സുരക്ഷകളോ ലഭിക്കുന്നില്ലെന്നും ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തിലാണ് ഉത്തരവ്.
ജീവനക്കാര്‍ക്ക് എല്ലാവര്‍ക്കും പനി ഉണ്ടെന്നും എന്നാല്‍ പരിശോധന ഇല്ലെന്നും പറഞ്ഞ് നിയമ ബിരുദധാരിയായ ഗീതു ഉല്ലാസിനു ലഭിച്ച സന്ദേശത്തെക്കുറിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനിടെ കിറ്റെക്സ് തൊഴിലാളികള്‍ക്ക് എല്ലാ സുരക്ഷയുണ്ടെന്ന് സാബു എം ജേക്കബ് പറയുന്ന വീഡിയോ പുറത്തു വിട്ടിരുന്നു. ഈ വീഡിയോക്ക് താഴെ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് കമന്റായി ഇട്ടപ്പോള്‍ ആദ്യം സാബു എം ജേക്കബിന്റെ ഫാന്‍ പേജ് ഇത് നീക്കം ചെയ്യുകയും വീണ്ടും ഇട്ടപ്പോള്‍ തന്നെ ബ്ലോക്ക് ചെയ്യുകയും ചെയ്തെന്ന് വിവരവും ഗീതു ഉല്ലാസ് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു.
മുമ്പ് കിറ്റെക്സ് കമ്പിനിയില്‍ തൊഴിലാളികള്‍ നിരവധി പ്രശ്നങ്ങള്‍ നേരിടുന്നതായി സന്ദേശങ്ങള്‍ പ്രചരിക്കുകയും ഫോണ്‍ വഴി പരാതികള്‍ ലഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദുരന്തനിവാരണ അഥോറിറ്റി ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. കോവിഡ് വ്യാപനം തടയുന്നതില്‍ ട്വന്റി ട്വന്റി ഭരിക്കുന്ന കിഴക്കമ്പലം പഞ്ചായത്തില്‍ അനാസ്ഥ തുടരുകയാണെന്ന് നേരത്തെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. രോഗം ബാധിച്ച് വീടിന് സമീപത്തെ തൊഴുത്തില്‍ കഴിയേണ്ടിവന്ന യുവാവ് മരിച്ചതിന് പിന്നാലെയാണ് പഞ്ചായത്ത് അധികൃതരുടെ അനാസ്ഥകള്‍ വീണ്ടും ചര്‍ച്ചയായത്.
എന്നാല്‍ ഇതെല്ലാം ബോധപൂര്‍വ്വം പ്രചരിപ്പിക്കുന്ന ആരോപണങ്ങള്‍ മാത്രമാണെന്ന് അധികൃതര്‍ വ്യക്തമാക്കി. കിഴക്കമ്പലത്ത് ട്വന്റി ട്വന്റിയുടെ ആധിപത്യം ഇല്ലാതെയാക്കുവാനും നേത്രുത്വം കൊടുക്കുന്ന സാബു എം.ജേക്കബിനെ വ്യാജ ആരോപണങ്ങളിലൂടെയും പരാതികളിലൂടെയും ഒതുക്കുവാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ട്വന്റി ട്വന്റി പ്രവര്‍ത്തകര്‍ പറയുന്നു.