റാന്നി : കൊടുംവേനലിൽ വന്യമൃഗങ്ങൾക്ക് കാടിനുള്ളിൽ ദാഹജലം ഉറപ്പാക്കുന്നതിന് വനംവകുപ്പിന്റെ നേതൃത്വത്തിൽ വനമേഖലയിലെ ചെക്ക് ഡാമുകളിലെ മണ്ണുംചെളിയും മാലിന്യവും നീക്കംചെയ്യുന്ന പ്രവർത്തനങ്ങൾ തുടങ്ങി. വനംവകുപ്പ് ജീവനക്കാർ, വനസംരക്ഷണ സമിതി അംഗങ്ങൾ, ഫയർ വാച്ചർമാർ എന്നിവരെല്ലാം പങ്കെടുക്കുന്നു. ഹാരിസൺ മലയാളം പ്ലാന്റേഷനും യജ്ഞത്തിൽ സഹകരിക്കുന്നുണ്ട്. റാന്നി വനമേഖലയിൽ രാജാംപാറ ഫോറസ്റ്റ് സ്റ്റേഷൻ അതിർത്തിയിലെ വലിയകുളം ചെക്ക്ഡാമിൽ അടിഞ്ഞുകിടന്നിരുന്ന മണലും മണ്ണും ചെളിയും മാലിന്യവും ബുധനാഴ്ച നീക്കംചെയ്തു.
ഹാരിസൺ മലയാളം ലിമിറ്റഡ് പ്ലാന്റേഷൻ മാനേജ്‌മെന്റ് വിട്ടുനൽകിയ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചാണ് ചെക്ക്ഡാമിൽ അടിഞ്ഞുകൂടിയിരുന്ന ചെളിയും മണ്ണും നീക്കംചെയ്തതെന്ന് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ പറഞ്ഞു. വനംവകുപ്പിന്റെ പദ്ധതി പ്രകാരം വന്യമൃഗങ്ങൾക്ക് കാട്ടിൽ തന്നെ ഭക്ഷണവും വെള്ളവും നൽകുമെന്നും ഒരാഴ്ചയ്ക്കുള്ളിൽ സ്റ്റേഷൻ പരിധിയിൽ വരുന്ന കാടിനുള്ളിലെ എല്ലാ തടയണകളിലെയും കുളങ്ങളിലെയും മാലിന്യവും നീക്കം ചെയ്യുമെന്നും റേഞ്ച് ഓഫീസർ പറഞ്ഞു. ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.മുകേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ആർ.രാജേഷ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ വി.ടി.അരുൺലാൽ, സുബിമോൾ ജോസഫ്, ആർ.രാഗേഷ് കുമാർ, എസ്.അനീഷ്, അമൽ മാത്യു തുടങ്ങിയവർ നേതൃത്വം നൽകി.