റാന്നി : ഏറെ കൗതുകത്തോടെ വിദ്യാലയത്തിലെത്തുന്ന കുട്ടികളെ സ്വീകരിക്കാനും സന്തോഷിപ്പിക്കാനും കുട്ടികളുടെ വിദ്യാലയ പ്രവേശം രക്ഷിതാക്കൾക്ക് അവിസ്മരണീയമാക്കുവാനും വിവിധ പരിപാടികളുടെ ആസൂത്രണം വൈക്കം ഗവൺമെൻറ് യുപി സ്കൂളിൽ പൂർത്തിയായി. സമഗ്ര ശിക്ഷ കേരള റാന്നി ബിആർ സി യുടെ നേതൃത്വത്തിൽ നടക്കുന്ന ബ്ലോക്ക്തല പ്രവേശനോത്സവം കളർഫുൾ ആക്കാനുള്ള ശ്രമത്തിലാണ് പ്രഥമാധ്യാപകൻ സി. പി സുനിലും അധ്യാപകരും രക്ഷിതാക്കളും. പ്രവേശനോത്സവ ദിവസം വനിതകളുടെ ചെണ്ടമേളം, രക്ഷിതാക്കൾക്ക് കുട്ടിയോടൊപ്പം ഫോട്ടോ എടുക്കാനുള്ള ഫാമിലി ഫോട്ടോ പോയിൻറ് തുടങ്ങിയ പ്രധാന ആകർഷണങ്ങളാണ്. ജൂൺ രണ്ടിന് റാന്നി എംഎൽഎ അഡ്വക്കേറ്റ് പ്രമോദ് നാരായൺ ബ്ലോക്ക് തല പ്രവേശനോത്സവം വൈക്കം ഗവൺമെൻറ് യു.പി.സ്കൂളിൽ ഉദ്ഘാടനം ചെയ്യും.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ പ്രകാശ് അധ്യക്ഷത വഹിക്കും. ബ്ലോക്ക് പ്രസിഡണ്ട് കെ. എസ് ഗോപി വിശിഷ്ടാതിഥിയാകും. ഉപജില്ലാവിദ്യാഭ്യാസ ഓഫീസർ പ്രീതി ജോസഫ് മുഖ്യ പ്രഭാഷണം നടത്തും.
പഞ്ചായത്ത് തല പ്രവേശനോത്സവങ്ങൾ ഗവൺമെൻറ് എൽ പി സ്കൂൾ പുല്ലൂപ്രത്ത് റാന്നി- അങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിന്ദു റെജി ഉദ്ഘാടനം ചെയ്യും. എംഡി എൽ പി സ്കൂളിൽ പഴവങ്ങാടി പഞ്ചായത്ത് പ്രസിഡണ്ട് റൂബി കോശി ഉദ്ഘാടനം ചെയ്യും. ഗവൺമെൻറ് എച്ച് എസ് ഇടമുറയിൽ നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സോണിയ മനോജ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. ഗവൺമെൻറ് എൽ പി സ്കൂൾ ചാത്തൻതറയിൽ വെച്ചൂച്ചിറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. എച്ച് എസ് റാന്നി പെരുനാടിൽ പെരുനാട് പഞ്ചായത്ത് പ്രസിഡണ്ട് പി എസ് മോഹനൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും.