പത്തനംതിട്ട : മൂല്യ വര്‍ധിത ഉല്പന്നങ്ങളുടെ വിപണനത്തിനായി പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. പ്രധാനമായും ചെറുകിട സംരഭകര്‍ക്കും യുവ സംരംഭകര്‍ക്കും പ്രോത്സാഹനം നല്‍കി ഉല്പന്നങ്ങള്‍ക്ക് വിപണി ഉറപ്പിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ഉദ്ദേശമെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.സി.പി റോബര്‍ട്ട് പറഞ്ഞു.
ഇതോടൊപ്പം മറ്റ് വിപണന സാധ്യതകളുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും ലഭ്യമാക്കും. യുവജനങ്ങളെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിച്ച് അവരെ സംരംഭകരാക്കുന്നത് ലക്ഷ്യമാക്കി ഇന്‍ഡ്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസേര്‍ച്ചിന്റെ സാമ്പത്തിക സഹായത്തോടെ പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം നടപ്പിലാക്കുന്ന ആര്യ പദ്ധതിയുടെ ഭാഗമായിട്ടാണ് എന്റര്‍പ്രണുവര്‍ സപ്പോര്‍ട്ട് സെന്റര്‍ ആരംഭിച്ചത്. സംരംഭകര്‍ക്ക് തങ്ങളുടെ മൂല്യ വര്‍ധിത ഉല്പന്നങ്ങള്‍ ഈ കേന്ദ്രത്തിലൂടെ വിപണനം ചെയ്യാം. അയതിനായി സംരംഭകര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ രജിസ്റ്റര്‍ ചെയ്യണം. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡും ലഭ്യമാക്കിയിട്ടുണ്ട്. ഉല്പന്നങ്ങളുടെ വില നിര്‍ണ്ണയിക്കുന്നതിന് സംരംഭകര്‍ക്ക് അവകാശം ഉണ്ടായിരിക്കും. 15 ശതമാനം കൈകാര്യ ചെലവാണ് സപ്പോര്‍ട്ട് സെന്റര്‍ ഈടാക്കുന്നത്. സംരംഭകര്‍ക്ക് ഉല്പന്നങ്ങളുടെ നിര്‍മ്മാണം, പാക്കേജിങ്ങ്, ലേബിലിങ്ങ്, ബ്രാണ്ടിങ്ങ്, രജിസ്‌ട്രേഷന്‍ തുടങ്ങിയ മേഖലകളില്‍ പരിശീലന പരിപാടികളും സംഘടിപ്പിക്കും. പോഷക സമൃദ്ധവും ആരോഗ്യദായകവും തനിമയുള്ളതുമായ ഉല്പന്നങ്ങള്‍ തിരഞ്ഞെടുത്ത് ഉപഭോക്താക്കള്‍ക്ക് എത്തിക്കുക എന്നുള്ളതാണ് ഈ നൂട്രി ഹബിന്റെ സവിശേഷത.
സെന്ററിന്റെ ഉദ്ഘാടനം കൃഷി വിജ്ഞാന കേന്ദ്രം ചെയര്‍മാന്‍ തോമസ് മാര്‍ തിമഥെയോസ് എപ്പിസ്‌ക്കോപ്പാ തിരുമേനി നിര്‍വഹിച്ചു. കാര്‍ഡ് ഡയറക്ടര്‍ റവ.ഏബ്രഹാം പി വര്‍ക്കി ആദ്യ വില്പന നടത്തി. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.സി.പി റോബര്‍ട്ട്, എം.സി.ആര്‍.ഡി ഡയറക്ടര്‍ റവ.വിനോദ് ഈശോ, സബ്ജകറ്റ് മാറ്റര്‍ സ്‌പെഷ്യലിസ്റ്റ് (ഹോം സയന്‍സ്) ഡോ.ഷാനാ ഹര്‍ഷന്‍ എന്നിവര്‍ പ്രസംഗിച്ചു. എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 9 മുതല്‍ വൈകുന്നേരം 4.30 വരെ എന്റര്‍പ്രണര്‍ സപ്പോര്‍ട്ട് സെന്ററിന്റെ സേവനം ഉപയോഗപ്പെടുത്താമെന്ന് കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.സി.പി റോബര്‍ട്ട് അറിയിച്ചു.