ന്യൂഡൽഹി : രാജ്യത്തെ ജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ദീപാവലി ദിനത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കാൻ പ്രതിജ്ഞയെടുക്കണമെന്ന് ജനങ്ങളോട് രാഷ്ട്രപതി കോവിന്ദ് ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയാണ് രാഷ്ട്രപതി ആശംസ അറിയിച്ചത്. ദീപാവലി ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേരുകയാണ്. തിന്മയുടെ മേൽ നന്മയുടെയും അന്ധകാരത്തിന് മുകളിൽ വെളിച്ചം നേടുന്ന വിജയത്തിന്റെ ആഘോഷമാണ് ദീപാവലി.
എല്ലാവരും സുരക്ഷയോടെ ഈ ദിനം ആഘോഷിക്കണം. അതോടൊപ്പം ഈ ദിനത്തിൽ പരിസ്ഥിതിയെ സംരക്ഷിക്കുന്നനായി പ്രതിജ്ഞയെടുക്കാം- പ്രസിഡൻറ് രാംനാഥ് കോവിന്ദ് ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും ദീപാവലി ആശംസകൾ അറിയിച്ചു. ഈ പ്രത്യേക ദിനം സന്തോഷവും സമൃദ്ധിയും ഭാഗ്യവും കൊണ്ട് വരുന്നതാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചപ്പോൾ പ്രകാശത്തിൻറെയും സന്തോഷത്തിൻറെയും ഈ ദിവസം എല്ലാവരുടെയും ജീവിതത്തിൽ ഊർജ്ജവും പ്രകാശവും ആരോഗ്യവും സമൃദ്ധിയും കൊണ്ട് നിറയട്ടെയെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശംസിച്ചു.