പത്തനംതിട്ട: എംപ്ലോയിസ് പ്രൊവിഡന്റ് ഫണ്ട് പെന്‍ഷന്‍ (ഈ . പി.എഫ് ) പദ്ധതിയിലെ അശാസ്ത്രീയമായ നടപടി മൂലം പെന്‍ഷന്‍ തുക ലഭിക്കാതെ ഒരു വിഭാഗം. 1995 ല്‍ പദ്ധതി തുടങ്ങിയ കാലത്ത് ജോലിയില്‍ നിന്നും റിട്ടയര്‍ ചെയ്ത പ്ലാന്റേഷന്‍ മേഖലയില്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് ഈ . പി. എഫ് പെന്‍ഷന്‍ ലഭിക്കണമെങ്കില്‍ നിര്‍ബന്ധപൂര്‍വ്വം പെന്‍ഷന്‍ കമ്മ്യൂട്ടേഷന്‍ നടത്തുവാന്‍ ഉള്ള ഫോമില്‍ ഒപ്പ് ഇട്ടു വാങ്ങുമായിരുന്നു. ഇതിന്റെ ഫലമായി ഇവര്‍ക്ക് പെന്‍ഷന്‍ കമ്മ്യൂട്ടേഷന്റെ തുക മാത്രം ലഭിക്കുമായിരുന്നു. കമ്മ്യൂട്ടേഷന്റെ കാലാവധി കഴിഞ്ഞതിന് ശേഷവും ഇവര്‍ക്ക് പൂര്‍ണ്ണമായ ഈ.പി.എഫ് പെന്‍ഷന്‍ ലഭിക്കുന്നില്ല. ഇത് സംബന്ധിച്ച് ബന്ധപ്പെട്ട ഈ.പി.എഫ്. ഓ അധികൃതര്‍ക്ക് നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
അടിയന്തിരമായും പെന്‍ഷന്‍ കമ്മ്യൂട്ടേഷന്റെ കാലാവധി കഴിഞ്ഞിട്ടുള്ള എല്ലാവര്‍ക്കും പൂര്‍ണ്ണമായ പെന്‍ഷന്‍ ലഭിക്കുവാന്‍ ഉള്ള നടപടി സ്വീകരിക്കണമെന്ന് പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഐ.എന്‍.റ്റി.യു.സി ജില്ലാ കമ്മറ്റി അവശ്യപ്പെട്ടു. പ്രസിഡന്റ് കൊടുമണ്‍ ജി ഗോപിനാഥന്‍ നായരുടെ അദ്ധ്യക്ഷതയില്‍ പി.മോഹന്‍ രാജ്, അങ്ങാടിക്കല്‍ വിജയകുമാര്‍ , സജി കെ സൈമണ്‍, ജി.കെ പിള്ള , പി.കെ മുരളി, അനീഷ് ഗോപിനാഥ് തുടങ്ങിയവര്‍ സംസാരിച്ചു.