കൊച്ചി : പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഇക്കുറിയും നിയമസഭാ തെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തില്‍ മല്‍സരരംഗത്തുണ്ടാകുമെന്ന് മനു റോയ്. 2019ലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ ശക്തമായ പോരാട്ടം കാഴ്ച വെച്ചതാണ് മനു റോയിയുടെ സാധ്യതകള്‍ സജീവമാക്കുന്നത്.
2019ലെ നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എറണാകുളം മണ്ഡലത്തിലെ എല്‍ഡിഎഫിന്റെ സര്‍പ്രൈസ് സ്ഥാനാര്‍ഥിയായിരുന്നു ഹൈക്കോടതി അഭിഭാഷകനായ മനു റോയ്. ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും സിപിഎമ്മിനെ പോലും അമ്പരപ്പിച്ച പോരാട്ടമാണ് മനു റോയ് എറണാകുളം മണ്ഡലത്തില്‍ കാഴ്ച വെച്ചത്. യുഡിഎഫ് ശക്തികേന്ദ്രമെന്ന് കരുതിപ്പോന്ന മണ്ഡലത്തില്‍ മനു റോയ് തോറ്റത് വെറും 3750 വോട്ടിന്.
മനുവിന്റെ അപര സ്ഥാനാര്‍ഥിക്കും കിട്ടി 2500 വോട്ട്. മനു റോയിക്ക് ഒരു അവസരം കൂടി നല്‍കിയാല്‍ മണ്ഡലം പിടിക്കാമെന്നാണ് ഇടതുമുന്നണിയുടെ കണക്കുകൂട്ടല്‍. സിപിഎമ്മിന്റെ പ്രാദേശികഘടകങ്ങളും മനു റോയിയുടെ പേരാണ് ജില്ലാ കമ്മിറ്റിക്ക് നല്‍കിയിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ഓട്ടോറിക്ഷ ചിഹ്നത്തില്‍ മല്‍സരിച്ച മനു റോയ് ഇത്തവണയും സ്വതന്ത്ര ചിഹ്നത്തിലായിരിക്കും മല്‍സരിക്കുക. പാര്‍ട്ടി ചിഹ്നം നല്‍കുന്ന കാര്യത്തില്‍ തീരുമാനമില്ല.