വാഷിംഗ്ടണ്‍ ഡി.സി: അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമായ ലോസ് ഏഞ്ചല്‍സിലെ മേയര്‍ എറിക്ക് ഗാര്‍സെറ്റിയെ ഇന്ത്യയിലെ യു.എസ് അംബാസിഡറായി പ്രസിഡന്റ് ജോ ബൈഡന്‍ നോമിനേറ്റ് ചെയ്തതായി വൈറ്റ് ഹൗസ് അറിയിച്ചു. ഇനി സെനറ്റിന്റെ അംഗീകാരം ലഭിക്കേണ്ടതുണ്ട് .
1971 ഫെബ്രുവരി 4 നു ജനിച്ച ഗാര്‍സെറ്റി പരിചയ സമ്പന്നനായ രാഷ്ട്രീയക്കാരനായാണ് അറിയപ്പെടുന്നത്. കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നു ബിരുദം നേടിയ ഗാര്‍സെറ്റി റോഡ്‌സ് സ്‌കോളര്‍ എന്ന നിലയില്‍ ഓക്‌സ്‌ഫോര്‍ഡിലും പഠനം തുടര്‍ന്നു. കുറച്ചുകാലം അധ്യാപകനായിരുന്നു.
പന്ത്രണ്ട് വര്‍ഷം സിറ്റി കൗണ്‍സിലറായി സേവനമനുഷ്ഠിച്ച ശേഷമാണ് ഗാര്‍സെറ്റി 2013-ല്‍ ലോസ് ഏഞ്ചല്‍സ് നാല്പത്തിരണ്ടാമത്തെ മേയറായി തെരഞ്ഞെടുക്കപ്പെടുന്നത്. 2006 മുതല്‍ 2012 വരെ സിറ്റി കൌണ്‍സില്‍ പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സിറ്റിയിലെ ആദ്യം തെരഞ്ഞെടുക്കപ്പെട്ട ജ്യൂയിഷ് മേയര്‍ കൂടിയാണ് ഗാര്‍സെറ്റി.