എറണാകുളം : പണം കൈപ്പറ്റിയിട്ടും പോളിസി ഡോക്യുമെന്റ് നൽകാത്തത് എസ്ബിഐ ഇൻഷുറൻസിന്റെ സേവനത്തിൽ വന്ന അപാകതയാണെന്ന് എറണാകുളം ഉപഭോക്ത കോടതി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അക്കൗണ്ട് ഹോൾഡറായ പരാതിക്കാരൻ ബാങ്ക് മുഖേന എസ്ബിഐയുടെ മൂന്ന് ലക്ഷം രൂപയുടെ ഹെൽത്ത് ഇൻഷുറൻസിന് അപേക്ഷിച്ചു. 14/12/2022 ൽ 10,502/- രൂപ പ്രീമിയമായി അടയ്ക്കുകയും ചെയ്തു. എന്നാൽ പോളിസി ഡോക്യുമെന്റ് ഇൻഷുറൻസ് കമ്പനി യഥാസമയം നൽകിയില്ല. 7/05/2023ൽ പരാതിക്കാരന് അടിയന്തിര സർജറി ആവശ്യമായി വരുകയും 4,65,485/- രൂപ ആശുപത്രിയിൽ ചിലവാവുകയും ചെയ്തു. ക്യാഷ്‌ലെസ്സ് ക്ലെയിമിനു വേണ്ടി അപേക്ഷിച്ചപ്പോൾ കമ്പനി കൈമലർത്തി. പരാതിക്കാരന്റെ കൈവശം പോളിസി രേഖകൾ ഇല്ലാത്തത് കാരണം ക്ലെയിം നൽകുവാൻ സാധിക്കില്ലായെന്ന വിവരം അറിയിച്ചു.
പ്ലാൻ മാറിയതുകൊണ്ടാണ് പോളിസി രേഖ നൽകാതിരുന്നതെന്ന ന്യായം പറഞ്ഞുകൊണ്ട് കൈപ്പറ്റിയ പ്രീമിയം തുക 26/05/2023 ൽ പരാതിക്കാരന് തിരിച്ചുകൊടുത്തു. ഉപഭോക്ത കോടതിയെ സമീപിച്ച പരാതിക്കാരന്റെ പരാതി ന്യായമാണെന്ന് കമ്മീഷൻ കണ്ടെത്തി. ഒരിക്കൽ പണം കൈപ്പറ്റിയതിന് ശേഷം പോളിസി ഡോക്യുമെന്റ് നൽകാതിരിക്കുന്നത് ഉപഭോക്ത നിയമപ്രകാരം സേവനത്തിൽ വന്ന അപാകതയായി ഡിബി ബിനു അധ്യക്ഷനായ കമ്മീഷൻ നിരീക്ഷിച്ചു. ഇൻഷുറൻസ് തുകയായ മൂന്നുലക്ഷം രൂപ പരാതിക്കാരന് നൽകുവാനും അതോടൊപ്പം നഷ്ടപരിഹാരമായി പതിനായിരം രൂപയും വേറെ 5000 രൂപ കോടതി ചെലവ് നൽകുവാനും കമ്മീഷൻ ഉത്തരവിട്ടു.