കൊച്ചി : എറണാകുളം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ കൊവിഡ് വാക്സിനേഷൻ മുടങ്ങി. മിക്ക ആശുപത്രികളിലേക്കും ആവശ്യമായ വാക്സീൻ എത്തിയില്ല. 157 വാക്സീൻ കേന്ദ്രങ്ങളിൽ ഭൂരിഭാഗവും സർക്കാർ മേഖലയിലെ ആശുപത്രികളാണ്. സ്വകാര്യ ആശുപത്രിയിൽ വാക്സീനായി രജിസ്റ്റർ ചെയ്തവ൪ക്ക് ബുക്കിംഗ് റദ്ദാക്കിയതായി അറിയിപ്പ് കിട്ടിയിട്ടുണ്ട്.
ആലപ്പുഴ ജില്ലയിലും വാക്സിൻ വിതരണം പല കേന്ദ്രങ്ങളിലും നിർത്തിവെച്ചു. മുഹമ്മ, തണ്ണീർമുക്കം തുടങ്ങി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലെ വാക്സിനേഷൻ കേന്ദ്രങ്ങളിൽ മരുന്ന് ഇല്ല. അതേസമയം സംസ്ഥാനത്തെ വാക്സീൻ ക്ഷാമത്തിന് താല്‍കാലിക പരിഹാരമായി ഇന്ന് രണ്ട് ലക്ഷം ഡോസ് വാക്സീൻ കേരളത്തിലെത്തുമെന്നാണ് റിപ്പോർട്ട്. കൊവിഷീൽഡ് വാക്സിനാണ് എത്തിക്കുന്നത്. വൈകുന്നേരത്തോടെയാണ് വാക്സീനെത്തുക. ഇതോടെ നിര്‍ത്തിവെച്ച പല ക്യാമ്പുകളും നാളെ മുതല്‍ വീണ്ടും തുടങ്ങാനാകുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ.
കൊവിഡ് തീവ്രവ്യാപനം തുടരുന്നതിനിടെ സംസ്ഥാനത്ത് ഇന്ന് മാസ് കൊവിഡ് പരിശോധന തുടങ്ങുകയാണ്. ഇന്നും നാളെയുമായി രണ്ടരലക്ഷം പേരെ പരിശോധിക്കാനാണ് ലക്ഷ്യം. ആര്‍ടിപിസിആര്‍ , ആന്‍റിജൻ പരിശോധനകളാണ് നടത്തുക. രോഗ വ്യാപന തീവ്രത കുറയ്ക്കാൻ രോഗ ബാധിതരെ അടിയന്തരമായി കണ്ടെത്തി നിരീക്ഷണത്തിലേക്ക് മാറ്റണമെന്ന വിദഗ്ധ ഉപദേശം അനുസരിച്ചാണ് മാസ് പരിശോധന. കുറഞ്ഞ സമയത്തിനുള്ളില്‍ പരമാവധി പേരെ പരിശോധിക്കുകയാണ് ലക്ഷ്യം.
പൊതുഗതാഗതം , വിനോദ സഞ്ചാരം , കടകള്‍ , ഹോട്ടലുകള്‍ , വിതരണ ശൃംഖലയിലെ തൊഴിലാളികള്‍ , കൊവിഡ് വാക്സീൻ ലഭിക്കാത്ത 45 വയസിന് താഴെയുള്ളവര്‍ തുടങ്ങി പൊതുസമൂഹവുമായി അടുത്തിടപെഴകുന്ന മേഖലകളിലെ ഹൈ റിസ്ക് വിഭാഗങ്ങളെ കണ്ടെത്തിയാകും പരിശോധന. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച പരമാവധിപേരെ പരിശോധനക്ക് വിധേയരാക്കും. രോഗ ലക്ഷണങ്ങളുള്ളവരേയും കണ്ടെത്തി പരിശോധിക്കും. ആശുപത്രികളില്‍ ഓപികളിലെത്തുന്നവര്‍ , കിടത്തി ചികില്‍സയിലുള്ളവര്‍ ക്ലസ്റ്ററുകളിലും നിയന്ത്രിത മേഖലയിലും ഉള്ളവര്‍ , സ്കൂൾ , കോളജ് വിദ്യാര്‍ഥികള്‍ എന്നിവരിലും പരിശോധന നടത്തും.
ഏറ്റവും കൂടുതല്‍ പരിശോധന നടത്താൻ നിര്‍ദേശിച്ചിരിക്കുന്നത് രോഗ ബാധ കൂടുന്ന എറണാകുളം, കോഴിക്കോട് ജില്ലകളിലാണ്. അതേസമയം മൂന്ന് മാസത്തിനുള്ളില്‍ കൊവിഡ് വന്നുപോയവര്‍ , രണ്ട് ഡോസ് കൊവിഡ് വാക്സീൻ എടുത്തവര്‍ എന്നിവര്‍ക്ക് ഈ ഘട്ടത്തില്‍ പരിശോധന ഉണ്ടാകില്ല.