മനോഹരമായ ഒരു കെ.എസ്.ആര്‍.ടി.സി യാത്ര ആയാലോ. കട്ടപ്പന – എറണാകുളം റൂട്ടില്‍ എസി ലോ ഫ്ളോര്‍ സര്‍വീവ് തുടങ്ങി. ഇത് വിനോദസഞ്ചാര പ്രേമികള്‍ക്കും ഗുണമാകും. ഗതാഗത മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന് മന്ത്രി റോഷി അഗസ്റ്റിന്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് അടിയന്തിരമായി ബസ് അനുവദിച്ച് ഉത്തരവിറങ്ങിയത്. ശനിയാഴ്ച മുതല്‍ ആണ് സര്‍വീസ് ആരംഭിക്കുന്നത്. രാവിലെ 4.30ന് കട്ടപ്പനയില്‍ നിന്ന് ആരംഭിച്ച് ചെറുതോണി – കോതമംഗലം വഴി എറണാകുളത്ത് എത്തുന്ന ബസ് വൈകിട്ട് 5.20 ന് തിരിച്ച് കട്ടപ്പനയിലേക്ക് മടങ്ങി രാത്രി 11 മണിയോടെ കട്ടപ്പനയില്‍ എത്തുന്ന തരത്തിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. പുതിയ സര്‍വീസ് ടൂറിസം രംഗത്തും ഹൈറേഞ്ചിന് ഗുണകരമാകുമെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഇടുക്കിയിലെ ടൂറിസം രംഗത്തെ യുവ സംരംഭകരുടെ കൂട്ടായ്മയായ കേരളാ ഹാറ്റ്‌സ് മന്ത്രിയെ നേരില്‍ കണ്ട് ഈ ആവശ്യം ഉന്നയിച്ച് നിവേദനം നല്‍കിയിരുന്നു.
അതേസമയം എസി ലോ ഫ്‌ലോര്‍ ബസ് എറണാകുളത്തു നിന്ന് അതിരാവിലെ കട്ടപ്പനയ്ക്ക് യാത്ര തുടങ്ങുകയും വൈകിട്ട് തിരിച്ച് വരികയും ചെയ്യുന്ന രീതിയില്‍ യാത്രാ സമയം ക്രമീകരിച്ചിരുന്നുവെങ്കില്‍ ധാരാളം ടൂറിസ്റ്റുകള്‍ ഈ ബസില്‍ യാത്ര ചെയ്‌തേനെ എന്ന് ധാരാളം പേര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഇപ്പോഴത്തെ സമയ ക്രമം ടൂറിസ്റ്റുകളുടെ യാത്രയ്ക്ക് ഒട്ടും അനുകൂലമല്ല എന്ന് സഞ്ചാരികള്‍ പറയുന്നു. എറണാകുളത്ത് നിന്ന് കട്ടപ്പനയിലേക്കുള്ള യാത്രാ സമയം ഉള്‍പ്പെടെ പുനക്രമീകരിച്ചാല്‍ കെ എസ് ആര്‍ ടി സി ക്ക് മികച്ച വരുമാനം കണ്ടെത്താനാകുന്ന ഒരു റൂട്ടാണിത്. കൂടുതല്‍ വിനോദ സഞ്ചാരികളെയും ആകര്‍ഷിക്കാനാകും. കെ എസ് ആര്‍ ടി സിയുടെ ടൂറിസം പാക്കേജുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.