കൊച്ചി : എറണാകുളം ജില്ലയിലെ കോവിഡ് വ്യാപനം തീവ്രവേഗത്തിലെന്ന കണ്ടെത്തലുമായി ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. സര്‍ക്കാര്‍ – സ്വകാര്യ മേഖലയിലെ ആരോഗ്യ വിദഗ്ധര്‍ നടത്തിയ ചര്‍ച്ചയിലാണ് ജില്ലയില്‍ കോവിഡ് വ്യാപനതോത് കൂടുതലാണെന്ന് കണ്ടെത്തിയത്. വാക്സിനെടുക്കുന്ന 80 ശതമാനം പേര്‍ക്കും രോഗം വരുന്നില്ലെങ്കിലും കൂടുതല്‍ പേര്‍ വാക്സിനെടുക്കാത്തത് രോഗഭീഷണി ഉയര്‍ത്തുന്നു.
നൂറു പേരെ പരിശോധിച്ചാല്‍ കഴിഞ്ഞമാസം നാലുപേർ മാത്രമായിരുന്നു കോവിഡ് പോസിറ്റീവായിരുന്നത്. എന്നാല്‍ ഏതാനും ദിവസങ്ങള്‍ കൊണ്ട് ഇത് പന്ത്രണ്ട് പേരിലേക്ക് കുതിച്ചിരിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയരുന്നതിന് പ്രധാന കാരണം കോവിഡ് മാനദണ്ഡങ്ങൾ മറക്കുന്നു എന്നതാണ്.
മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച ഉണ്ടായാൽ രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്നാണ് വിലയിരുത്തല്‍. ആരോഗ്യ മേഖലയ്ക്ക് താങ്ങാനാവുന്നതിലും കൂടുതല്‍ പേര്‍ക്ക് രോഗം ബാധിച്ചാല്‍ മരണനിരക്ക് ഉയരാനുള്ള സാധ്യതയുമുണ്ട്. ഗുരുതരാവസ്ഥയില്‍ ചികിത്സതേടുന്നവരില്‍ കൂടുതലും നാല്‍പതിനും അറുപതിനും ഇടയില്‍ പ്രായമുള്ളവരാണ്. തെരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് സാമൂഹിക അകലം പാലിക്കാത്തതിനെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.