എരുമേലി: 13 ജില്ലകളെ ബന്ധിപ്പിച്ചുള്ള നിർദിഷ്‌ട മലയോര ഹൈവേയുടെ എരുമേലിയിലെ പാതയുടെ നിർമ്മാണത്തിന് ടെണ്ടറായി. ഇതിന്റെ നടപടികളുടെ ഭാഗമായി കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ച് ജനപ്രതിനിധികളുമായി ചർച്ചയും റോഡിന്റെ സർവേയും നടത്തി. സംസ്ഥാനത്തെ 13 ജില്ലകളിലൂടെയാണ് 12 മീറ്റർ വീതിയിൽ നിർദിഷ്‌ട മലയോര ഹൈവേ കടന്നുപോവുക. മൊത്തം 1251 കിലോമീറ്റർ ആണ് ദൈർഘ്യം. കഴിഞ്ഞയിടെ എരുമേലിയിലെ ഉൾപ്പെടെ നിർമ്മാണത്തിന് 450.89 കോടി രൂപ കിഫ്‌ബി ബോർഡ് അനുമതി നൽകിയിരുന്നു. ഇതുവരെ ആകെ 27 മലയോര ഹൈവേ സ്ട്രച്ചുകൾക്കും ഒമ്പത് തീരദേശ ഹൈവേ സ്ട്രച്ചുകൾക്കുമായി ആകെ 2635.46 കോടി രൂപയാണ് കിഫ്‌ബി അനുവദിച്ചിട്ടുള്ളത്.
പ്ലാച്ചേരി മുതൽ കരിങ്കല്ലുമുഴി വരെ ഏഴര കിലോമീറ്റർ ദൂരമാണ് നിർദിഷ്‌ട ഹൈവേയിൽ എരുമേലി മേഖലയിൽ ഉൾപ്പെടുന്നത്. ഇത്രയും ഭാഗം 12 മീറ്റർ വീതിയിലാക്കി ഒമ്പത് മീറ്റർ ടാറിങ് ബിഎം ആൻഡ് ബിസി സാങ്കേതിക വിദ്യയിൽ ചെയ്യാനാണ് ടെണ്ടർ നൽകിയിട്ടുള്ളത്. ഇതിനായി മൊത്തം 33.2 കോടി രൂപയാണ് ഫണ്ട് അനുവദിച്ചിട്ടുള്ളത്. നിർമ്മാണം നടത്തുന്നത് ഉൾപ്പെടെ മേൽനോട്ടം കേരള റോഡ് ഫണ്ട് ബോർഡിനാണ്. എരുമേലി ടൗൺ ഒഴിവാക്കി മുണ്ടക്കയം വഴി ഇടുക്കി ജില്ലയിലൂടെയാണ് പാതയുടെ റൂട്ട്. എരുമേലിയിലെ ഏഴര കിലോമീറ്റർ ഉൾപ്പെടെ കോട്ടയം ജില്ലയിൽ ആകെ 23 കിലോമീറ്റർ ദൂരമാണ് പാതയിൽ ഉൾപ്പെടുന്നത്. ടെണ്ടർ ആയെങ്കിലും റോഡിന്റെ വീതി വർധിപ്പിക്കുന്നതിനുള്ള സ്ഥലം ഏറ്റെടുക്കലാണ് നിർമ്മാണത്തിലെ ആദ്യ കടമ്പ. സ്ഥലം ഏറ്റെടുക്കുന്നതിന് പ്രത്യേകമായി ഫണ്ട് ഇല്ല.
അനുവദിച്ച ഫണ്ട് മൊത്തം റോഡ് നിർമ്മാണത്തിനാണ് വിനിയോഗിക്കുക. സ്ഥലം സൗജന്യമായി ജനങ്ങൾ വിട്ടുനൽകണം. ജനപ്രതിനിധികളുമായി ഇക്കാര്യം ചർച്ച ചെയ്‌തെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. പലരുടെയും മതിലും കയ്യാലയും പൊളിച്ചു നീക്കേണ്ടി വരും. ആരുടേയും വീടുകളും കിടപ്പാടവും കടകളും നഷ്‌ടപ്പെടില്ലെന്നാണ് പ്രാഥമിക സർവേയിൽ ബോധ്യമായത്. നിർദിഷ്‌ട പാതയിൽ ഏറെ ദൂരവും വനമേഖലയാണ്. കനകപ്പലം മുതൽ മുക്കട വരെയും തുടർന്ന് പ്ലാച്ചേരി വരെയും വനപാതയിലൂടെയാണ് നിർദിഷ്‌ട ഹൈവേ. വന പാതയിൽ റോഡിന്റെ വീതി 12 മീറ്റർ ആക്കി വർധിപ്പിക്കുന്നതിന് ആവശ്യമായ സ്ഥലം വിട്ടു കിട്ടുന്നതിന് വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. വന്യ മൃഗങ്ങളുടെ സാന്നിധ്യം കുറഞ്ഞ പാത കൂടിയാണ് ഇത്. മരങ്ങൾ മുറിച്ചു നീക്കാതെ പാതയുടെ വീതി വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഒമ്പത് മീറ്റർ ടാറിങ് ഉൾപ്പടെ റോഡിന്റെ എല്ലായിടത്തും മൊത്തം വീതി 12 മീറ്റർ കണക്കാക്കി ദീർഘ കാല ഗുണമേന്മ കൈവരുന്ന കരാർ ആണ് നൽകിയിട്ടുള്ളതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. വീതി വർധിപ്പിക്കുന്നതോടെ കൊടും വളവുകളുടെ ആധിക്യം കുറയും. റോഡ് താഴ്ന്ന ഭാഗങ്ങൾ ഉയർത്തും. ബിഎം ആൻഡ് ബിസി നിലവാരത്തിൽ ഒമ്പത് മീറ്റർ വീതിയിൽ ടാറിങ്, ഡ്രെയിനേജ്, പ്രധാന കേന്ദ്രങ്ങളിൽ ഇന്റർലോക്ക് വിരിച്ച നടപ്പാതകൾ, യൂട്ടിലിറ്റി ഡക്ടുകൾ, ആവശ്യമായ സ്ഥലങ്ങളിൽ കലുങ്കുകൾ, ചെറിയ പാലങ്ങൾ, സൈൻ ബോർഡുകൾ, ബസ് ബേകൾ തുടങ്ങിയവയുടെ നിർമാണമാണ് നടത്തുന്നത്.
പാതയിൽ കരിങ്കല്ലുമുഴി, മറ്റന്നൂർക്കര, കരിമ്പിൻതോട്, പ്ലാച്ചേരി എന്നിവിടങ്ങളിലാണ് പാലങ്ങൾ ഉള്ളത്. ചെറിയ പാലങ്ങളാണ് ഇവ. മറ്റന്നൂർക്കര, കരിമ്പിൻതോട് എന്നിവിടങ്ങളിൽ ഇടുങ്ങിയ നിലയിലാണ് പാലങ്ങൾ. വീതി കുറഞ്ഞ കൊടും വളവ് കൂടി ഉൾപ്പെട്ട മറ്റന്നൂർക്കരയിലെ പാലത്തിൽ വാഹനങ്ങൾക്ക് അപകട സാധ്യത കൂടുതലാണ്. പാലങ്ങളുടെ വീതി വർധിപ്പിക്കുന്നതിന്റെ അടക്കം നവീകരണ നിർമ്മാണം നടത്താനാണ് എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്. വീതി വർധിപ്പിക്കുന്നതോടെ പാലങ്ങളിലും ഗതാഗതം സുഗമമാകുമെന്നാണ് കണക്കുകൂട്ടൽ. ഗതാഗത സൗകര്യം വർധിക്കുന്നതോടൊപ്പം പ്രദേശത്തിന്റെ സമ്പദ്ഘടനയിൽ മാറ്റങ്ങളുണ്ടാക്കാൻ മലയോര ഹൈവേയ്ക്ക് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഗവ. ചീഫ് വിപ്പ് ഡോ. എൻ ജയരാജ്, എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ എന്നിവരുമായി ചർച്ചകൾ നടത്തിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. റോഡ് ഫണ്ട് ബോർഡ് കോട്ടയം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എഞ്ചിനീയർ ബിജി, അസിസ്റ്റന്റ് എഞ്ചിനീയർ ജെസീന എന്നിവർ ഉൾപ്പെട്ട ഉദ്യോഗസ്ഥ സംഘം ആണ് കഴിഞ്ഞ ദിവസം പാത സന്ദർശിച്ച് സർവേ നടത്തിയത്. കനകപ്പലം ഭാഗത്ത് നടന്ന സർവേയിൽ വാർഡ് അംഗം സുനിൽ ചെറിയാനും പങ്കെടുത്തു.