കോന്നി : ഒരു രാത്രി ഇരുണ്ട് വെളുത്തപ്പോൾ സംശയ രോഗത്തിന്റെ പേരിൽ വർഷങ്ങളായി താൻ പ്രണയിച്ച് വിവാഹം കഴിച്ച തന്റെ ഭാര്യയേയും ഉറ്റ സുഹൃത്തിനെയും യുവാവ് വെട്ടി കൊലപ്പെടുത്തിയ വാർത്ത കേട്ടാണ് എരുത്വാപ്പുഴ ഗ്രാമം ഉണർന്നത്. വിളിച്ചാൽ വിളികേൾക്കാവുന്ന ദൂരത്തിൽ താമസിക്കുന്ന ബൈജുവും വിഷ്ണുവും കുട്ടിക്കാലം മുതൽ തന്നെ ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. ഇവർ ഒരുമിച്ചാണ് ജോലി ചെയ്തിരുന്നത്. മറ്റ് എല്ലാ കാര്യങ്ങളിലും ഒപ്പം നിന്നതും. എന്നാൽ ഒരു രാത്രി പുലർന്നപ്പോൾ അരും കൊലയിലേക്ക് സംഭവം എത്തിപെട്ടത് എങ്ങനെ എന്ന അത്ഭുതത്തിലാണ് സമീപവാസികൾ. മരം വെട്ടുന്ന വെട്ടുകത്തി കൊണ്ട് സുഹൃത്തിനെയും തന്റെ ഭാര്യയെയും വെട്ടി കൊലപ്പെടുത്തിയ ശേഷം തന്റെ രണ്ട് മക്കളെയും കൂട്ടി കൊണ്ട് പോകണം എന്ന് ബൈജു തന്റെ അമ്മാവനായ സതീശനോട് ഫോൺ ചെയ്തു പറഞ്ഞിരുന്നു. അച്ഛനും അമ്മയും മരിച്ച ബൈജു അമ്മാവനോടായിരുന്നു കൂടുതൽ അടുപ്പം പുലർത്തിയിരുന്നത്. സമീപവാസികളും ബന്ധുക്കളും ബൈജുവും വിഷ്ണുവും എപ്പോഴും ഒന്നിച്ചുള്ളതായിരുന്നു പ്രദേശവാസികളും നാട്ടുകാരും കണ്ടിരുന്നത്. ഇരുവരും ചെറിയ കാര്യങ്ങൾക്ക് പോലും പിണങ്ങുന്നത് കണ്ടിട്ടില്ല എന്നും പ്രദേശവാസികൾ പറയുന്നു. എന്നാൽ ഇത്രയും ക്രൂരമായ കൊലപാതകത്തിലേക്ക് എത്തിച്ചതിന്റെ കാരണം അവ്യക്തമാണ്. വിഷ്ണുവിന്റെ ശരീരത്തിൽ ഒൻപത് വെട്ടുകളും വൈഷ്ണവിയുടെ ശരീരത്തിൽ മൂന്നിൽ അധികം ആഴത്തിലുള്ള വെട്ടുകളുമാണ് കണ്ടെത്തിയത്.
പത്ത് വർഷങ്ങൾക്ക് മുൻപ് രണ്ട് വ്യത്യസ്ത സമുദായങ്ങളിൽ നിന്നും പ്രണയിച്ച് വിവാഹം കഴിച്ചവർ ആയിരുന്നു ബൈജുവും വൈഷ്ണവിയും. സൈനിക സേവനത്തിന് തിരഞ്ഞെടുക്കപ്പെട്ട ബൈജു വൈഷ്ണവിയുമായുള്ള പ്രണയ വിവാഹം ഉറച്ചതോടെ സൈനിക ജോലി വേണ്ടെന്ന് വെക്കുകയായിരുന്നു. തുടർന്നാണ് ജീവിതം കരക്കെത്തിക്കാന്‍ തടി പണിയിലേക്ക് ഇറങ്ങിയത്. തനിക്കൊപ്പം കളികൂട്ടുകാരനായ വിഷ്ണുവും ഒപ്പം കൂടുകയായിരുന്നു. ഇരുവരും കുട്ടികാലം മുതൽ സുഹൃത്ത് ബന്ധത്തിലായിരുന്നുവെന്ന് നാട്ടുകാർ പറയുമ്പോൾ അരുംകൊല വിശ്വസിക്കാനാകാതെ നിൽക്കുകയാണ് ബൈജുവിന്റെയും വിഷ്ണുവിന്റെയും കൂട്ടുകാരും സമീപ പ്രദേശത്തെ അമ്പല കമ്മറ്റി ഭാരവാഹികളും. ഞായറാഴ്ചയും ക്ഷേത്രത്തിന്റെ പുനരുദ്ധാരണത്തിന് ആവശ്യമായ തടികൾ മുറിച്ചിട്ട ശേഷമാണ് ഇരുവരും കൂട്ടുകാർക്ക് ഒപ്പം വീട്ടുകളിലേക്ക് മടങ്ങിയത്. ബൈജുവിന്റെയും വൈഷ്ണവിയുടെയും മക്കളായ രുദ്രയെയും ഭൈരവനെയും ബൈജുവിന്റെ ബന്ധുക്കൾ കൂട്ടികൊണ്ട് പോയി.