തിരുവനന്തപുരം: നെയ്യാര്‍ സഫാരി പാര്‍ക്കില്‍ നിന്ന് രക്ഷപെട്ട കടുവയെ കണ്ടെത്തിയെങ്കിലും ഇതുവരെ പിടികൂടിയില്ല. പാര്‍ക്കിനുള്ളില്‍ ശനിയാഴ്‌ച വൈകുന്നേരം കണ്ടെത്തിയ അതേ ഇടത്ത് തന്നെയാണ് കടുവ ഇപ്പോഴും നില്‍ക്കുന്നതെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു.
റാപ്പിഡ് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ രാത്രിയും കടുവയെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. കടുവ പുറത്തേക്ക് പോവാനും വെള്ളത്തിലേക്ക് ചാടാനുമുള്ള സാധ്യതകള്‍ നിലവില്‍ ഇല്ലെന്ന് റേഞ്ച് ഓഫീസര്‍ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥര്‍ എത്തിയതിന് ശേഷമായിരിക്കും നടപടി സ്വീകരിക്കുക.
മയക്കുവെടി വെച്ചോ, കെണിവെച്ച് പിടിച്ചോ കൂട്ടില്‍ കയറ്റാനാവും ശ്രമം. കടുവ കൂട്ടില്‍ നിന്ന് ചാടിപ്പോയതിനെ തുടര്‍ന്ന് സമീപത്തുള്ള ജനവാസ കേന്ദ്രങ്ങള്‍ ജാഗ്രതയിലാണ്. ശനിയാഴ്‌ച ഉച്ചയോടെയാണ് 10 വയസുള്ള കടുവ കൂട്ടില്‍ നിന്നും രക്ഷപെട്ടത്. ചികിത്സക്കായി ക്രമീകരിച്ച കൂടിന്റെ കമ്പി വളച്ച് മുകളില്‍ കയറിയാണ് കടുവ രക്ഷപെട്ടത്.