ഹരിപ്പാട് : കരക്കൂട്ടായ്മയുടെയും ഭക്തജനങ്ങളുടെയും കരുത്തിൽ ഏവൂർ ശ്രീകൃഷ്ണസ്വാമീക്ഷേത്രത്തിലെ ഉത്സവം പൂർത്തിയായി. കരക്കമ്മറ്റികൾക്ക് ഏറെ വൈകിയാണ് ഉത്സവം നടത്താൻ അനുമതി ലഭിച്ചത്. എങ്കിലും ചടങ്ങുകൾ ഭംഗിയായി നടത്താൻകഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കരക്കാരും ഭക്തജനങ്ങളും. തെക്കേക്കരയുടെ വകയായിരുന്നു ഇത്തവണത്തെ ഉത്സവസദ്യയും കൊടിമരവും. ഏഴ്, എട്ട്, ഒൻപത് ഉത്സവങ്ങൾ യഥാക്രമം തെക്ക്, വടക്ക്, വടക്കുപടിഞ്ഞാറ് ഹൈന്ദവ സംഘടനാ കമ്മിറ്റികളുടെ നേതൃത്വത്തിലാണു നടന്നത്. ക്ഷേത്രചടങ്ങുകൾക്കുപുറമേ വേലകളി, പുഷ്പാലങ്കാരം, ഗരുഡവാഹനം, ചമയവിളക്കെഴുന്നള്ളത്ത്, ആത്മീയപ്രഭാഷണം, ഓട്ടൻതുള്ളൽ, ഗാനമേളകൾ, നൃത്ത അരങ്ങേറ്റം, നാടൻപാട്ട്, ജുഗൽബന്ദി, ഗജമേള, പഞ്ചാരിമേളം തുടങ്ങിയവയും അരങ്ങേറി.
സേവയ്ക്ക് ഏറെ പ്രാധാന്യംനൽകുന്ന ക്ഷേത്രത്തിൽ മരുത്തോർവട്ടം ബാബു, മുതുകുളം മഹാദേവൻ, ടി.പി.ജെ. ശെൽവരത്തിനം, വെളിയംപക്കം ഗണപതി, ധാരാപുരം ഗണേശ് തുടങ്ങിയ കലാകാരന്മാർ അണിനിരന്നു. മൂന്നു കരകളിലും കൊടിയേറ്റുദിവസംമുതൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ കെട്ടുകാളകളുടെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ഇത് അന്നദാനമുൾപ്പെടെ വിപുലമായ ക്രമീകരണങ്ങളോടെയായിരുന്നു. ആറാട്ടുദിനം രാത്രി എഴുമണിയോടെ ഘോഷയാത്ര പുറപ്പെട്ടു. ക്ഷേത്രം മുതൽ മലമേൽക്കാട് ആറാട്ടുകൊട്ടാരംവരെ റോഡിനിരുപുറവും തിങ്ങിനിറഞ്ഞ ജനാവലിയായിരുന്നു. വഴിയിലുടനീളം അലങ്കാരങ്ങളും. ആറാട്ടുകൊട്ടാരത്തിലെ ആറാട്ടിനുശേഷം തിരികെയെത്തി രാത്രി ഒരുമണിയോടെ കൊടിയിറങ്ങി. രഞ്ജീവ്, സുനിൽകുമാർ, ബാബുജി, പ്രസാദ്, സജീവ്, മാധവൻ, മോഹനകൃഷ്ണൻ നായർ, ആനന്ദൻ, രാജൻ എന്നിവർ കരകളിലെ പ്രവർത്തനങ്ങൾക്കു മേൽനോട്ടം വഹിച്ചു. തന്ത്രി തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിയുടെ നിർദേശാനുസരണം ഹരി പോറ്റി, മേൽശാന്തി കൃഷ്ണൻ നമ്പൂതിരി എന്നിവർ താന്ത്രികചടങ്ങുകൾ നിർവഹിച്ചു.