ലണ്ടന്‍ : ഈ മാസം 24 മുതല്‍ ബ്രിട്ടനിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ 5 ദിവസം തുടര്‍ച്ചയായി പണിമുടക്ക് നടത്തുമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടിഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) അറിയിച്ചു. ഫെബ്രുവരി 24 മുതല്‍ 28 വരെയുള്ള 5 ദിവസങ്ങളിലാണ് ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് പണിമുടക്കുക. 2023 മാര്‍ച്ച് മാസത്തിനുശേഷം ഡോക്ടര്‍മാര്‍ നടത്തുന്ന പത്താമത്തെ പണിമുടക്കാണിത്. ഇത് തുടര്‍ന്നാല്‍ എന്‍എച്ച്എസ് സേവനങ്ങളില്‍ കാര്യമായ പ്രതിസന്ധി ഉണ്ടാകും. 35% ശമ്പള വര്‍ധനവാണ് യൂണിയന്‍ ആവശ്യപ്പെടുന്നത്. പണിമുടക്കിനെ തുടര്‍ന്ന് വ്യാപകമായി എന്‍എച്ച്എസ് ആശുപത്രികളിലെ സേവനങ്ങള്‍ റദ്ദാക്കപ്പെടും. ന്യായമായ ശമ്പള വര്‍ധന ചര്‍ച്ചകള്‍ക്ക് സര്‍ക്കാര്‍ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ 35% വര്‍ധനവ് അംഗീകരിക്കാന്‍ കഴിയില്ല എന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന.
കഴിഞ്ഞ വര്‍ഷം 9% ശമ്പള വര്‍ധനവ് ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ലഭിച്ചിരുന്നു. ഇത് കൂടാതെ 3% കൂടെ അധികമായി നല്‍കാനും കഴിഞ്ഞവര്‍ഷം നടന്ന അവസാന നടന്ന ചര്‍ച്ചകളില്‍ നിര്‍ദ്ദേശം വെച്ചിരുന്നു. എന്നാല്‍ പരസ്പര ധാരണയിലെത്താത്ത ചര്‍ച്ചകള്‍ അവസാനിക്കുയാണ് ഉണ്ടായത്. പണപ്പെരുപ്പത്തിനും ജീവിത ചെലവ് വര്‍ധനവിനും ആനുപാതികമായി ശമ്പള വര്‍ധനവ് നല്‍കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി ബിഎംഎയെ പ്രതിനിധീകരിച്ച് ജൂനിയര്‍ ഡോക്ടേഴ്‌സ് കമ്മിറ്റി ചെയര്‍മാന്‍മാരായ ഡോ. റോബര്‍ട്ട് ലോറന്‍സും ഡോ. വിവേക് ത്രിവേദിയും പറഞ്ഞു. പണപ്പെരുപ്പം കണക്കാക്കിയാല്‍ നിലവിലെ ശമ്പളം 2008 ലേതിനെക്കാള്‍ താഴെയാണെന്നാണ് യൂണിയന്‍ വാദിക്കുന്നത്. ഡോക്ടര്‍മാരുടെ സമരം എന്‍എച്ച്എസിന്റെ പ്രവര്‍ത്തനത്തെ അടിമുടി ബാധിക്കുമെന്നത് ന്യായീകരിക്കാന്‍ സാധിക്കുന്നതല്ലെന്ന് ആരോഗ്യ സെക്രട്ടറി വിക്ടോറിയ അറ്റ്കിന്‍സ് പറഞ്ഞു.