ഇലക്‌ട്രിക് സ്‌കൂട്ടർ വിപണിയില്‍ ഓലയ്ക്ക് മുമ്പേ ഓടിയെത്തിയവരാണ് ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പ് ബ്രാൻഡായ ഏഥർ എനർജി (Ather Energy). ഓല ഇലക്‌ട്രിക് കഴിഞ്ഞാല്‍ നിലവില്‍ കേരളത്തിലടക്കം വന്‍ സ്വീകാര്യതയുള്ള ഇവി നിര്‍മാതാക്കളാണ് ഏഥര്‍. ഇപ്പോള്‍ യൂത്തിനിടയിലാണ് ട്രെൻഡായി നില്‍ക്കുന്നതെങ്കില്‍ ഇനി കുടുംബങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് കമ്പനിയുടെ പദ്ധതി. ഇതിനായി കുറഞ്ഞ വിലയില്‍ പുതിയ ‘ഫാമിലി’ ഇലക്‌ട്രിക് സ്‌കൂട്ടര്‍ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് ഏഥർ. അധികം വൈകാതെ നിരത്തുകള്‍ കീഴടക്കാൻ പോവുന്ന മോഡലിന്റെ ആദ്യ ടീസർ ചിത്രങ്ങളും കമ്പനി പുറത്തുവിട്ടിരിക്കുകയാണ്. സ്‌കൂട്ടറിനെ ‘ഏഥർ റിസ്‌റ്റ’ എന്നായിരിക്കും വിളിക്കുക. ആറ് മാസത്തിനുള്ളില്‍ നടക്കാനിരിക്കുന്ന 2024 ഏഥർ കമ്മ്യൂണിറ്റി ഡേ സെലിബ്രേഷനിലായിരിക്കും പുത്തൻ ഫാമിലി സ്‌കൂട്ടറിനെ കമ്പനി അവതരിപ്പിക്കുക. കമ്പനിയുടെ തുറുപ്പുചീട്ടായി മാറാനിരിക്കുന്ന ഇവിയുടെ വരവില്‍ ഏറെ പ്രതീക്ഷകളാണ് വാഹന ലോകത്തിനുള്ളത്. സുഖസൌകര്യങ്ങളിലും സുരക്ഷയിലും വലിയ കുതിച്ചുചാട്ടത്തിനായിരിക്കും ഏഥർ റിസ്‌റ്റയിലൂടെ സാക്ഷ്യംവഹിക്കാൻ പോവുന്നതെന്നും കമ്പനി പറയുന്നു.
450 സീരീസുകളില്‍ ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിന് പകരം പുതുതായി വികസിപ്പിച്ച പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും ഫാമിലി സ്‌കൂട്ടർ പണികഴിപ്പിക്കുക. ഡിസൈനിലേക്ക് നോക്കിയാലും തികച്ചും വ്യത്യസ്‌തമായിരിക്കും മോഡല്‍. ഏഥർ റിസ്റ്റയ്ക്ക് ഒരു ഫ്ലാറ്റ് ഏപ്രോണ്‍ ലഭിക്കും. നിലവിലെ 450 ലൈനപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ അതിന്റെ സൈഡ് പാനലുകളില്‍ വളരെ കുറഞ്ഞ കട്ടുകളും ക്രീസുകളുമായിരിക്കും നൽകുക. ഒരു വലിയ ഫ്ലോർബോർഡും വീതിയേറിയ സീറ്റും ടീസർ ചിത്രങ്ങളില്‍ നിന്ന് ദൃശ്യമാകുന്നുണ്ട്. കൂടാതെ കൂടുതല്‍ വൃത്താകൃതിയിലുള്ള രൂപകല്‍പ്പനയെക്കുറിച്ചും ടീസർ സൂചന നല്‍കുന്നുണ്ട്. ഇതിന്റെ എല്‍ഇഡി ഹെഡ്‌ലൈറ്റ് ഫ്രണ്ട് പാനലിനുള്ളില്‍ തിരശ്ചീനമായി സംയോജിപ്പിച്ചിരിക്കുന്നു.
ഒപ്പം ടെയില്‍ ലൈറ്റും ഇതേ ഫോർമാറ്റിലാണ് ഘടിപ്പിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ഏഥർ റിസ്റ്റയുടെ ഫ്ലോർബോർഡ് ഏരിയ നിലവിലെ 450X-നേക്കാള്‍ വിശാലമാകാൻ സാധ്യതയുണ്ട്. ഇത് ഫാമിലി സ്‌കൂട്ടർ എന്ന വിശേഷണത്തിന് അടിവരയിടുന്ന കാര്യമാണ്. വരാനിരിക്കുന്ന റിസ്റ്റ ഹാർഡ്‌വെയർ, ഫീച്ചറുകള്‍, മോട്ടോർ, ബാറ്ററി എന്നിവ നിലവിലെ 450 സീരീസ് സ്‌കൂട്ടറകളില്‍ നിന്ന് കടമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് മോഡലുകള്‍ക്കും 90 കിലോമീറ്റർ പരമാവധി വേഗത ലഭിക്കും. നിലവില്‍ 450S മോഡലിന് 115 കിലോമീറ്റർ റേഞ്ച് ആണ് ഏഥർ എനർജി അവകാശപ്പെടുന്നത്. അതേസമയം 450X ഇവിയുടെ 2.9kWh, 3.7kWh വേരിയന്റുകള്‍ യഥാക്രമം 111 കിലോമീറ്ററും 150 കിലോമീറ്റർ റേഞ്ചുമാണ് വാഗ്ദാനം ചെയ്യുന്നത്.