തിരുവല്ല: ക്രിസ്തു കേന്ദ്രീകൃതമായ ബോധ്യങ്ങൾ ആണ് വിദ്യാർത്ഥികളെ നയിക്കേണ്ടതെന്നും ജീവിത പ്രതിസന്ധികളിൽ ദൈവാശ്രയത്തോടെ മുന്നേറുമ്പോൾ ആണ് നമ്മെ ദൈവം ഈ കാലങ്ങളിൽ ഉപയോഗിക്കുന്നതെന്നും സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം. സണ്ടേസ്കൂൾ പ്രവർത്തന ബോർഡിൻറെ ആഭിമുഖ്യത്തിൽ ആരംഭിച്ച വിദ്യാർത്ഥി സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമ്മേളനം നാളെ (04) സമാപിക്കും. രാവിലെ 9.30 -ന് പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം സമാപന പൊതുസമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകും. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ അദ്ധ്യക്ഷത വഹിക്കും.
‘ഞാൻ എന്തു കൊണ്ട്?’ എന്ന ചിന്താവിഷയത്തെ ആസ്പദമാക്കി ഗാന പരിശീലനം, ബൈബിൾ പഠന ക്ലാസ്, വിവിധ സെമിനാറുകൾ, കൗൺസിലിംങ് ക്ലാസുകൾ എന്നിവ നടത്തപ്പെട്ടു. കൗമാര പ്രായത്തിൽ നേരിടുന്ന വെല്ലുവിളികളെപ്പറ്റി ഫിലിപ്പ് മമ്പാട് പ്രത്യേക ക്ലാസുകൾ നയിച്ചു. ബിഷപ്പ് ഡോ. ടി. സി ചെറിയാൻ, വൈദീക ട്രസ്റ്റി റവ. പി. ടി മാത്യു, സെക്രട്ടറി റവ. സജി ഏബ്രഹാം, പ്രതിനിധി സഭ ഉപാദ്ധ്യക്ഷൻ ഡെന്നി എൻ മത്തായി, റവ. വർഗീസ് ഫിലിപ്പ്, റവ. അനിഷ് തോമസ് ജോൺ, റവ. കുര്യൻ സാം വർഗീസ്, റവ. സി.പി മർക്കോസ്, റവ. തോമസ് തോട്ടത്തിൽ, റവ. ഷിബിൻ മാത്യു ഫിലിപ്പ്, റവ. പി.വി യാക്കോബ്, ഡീക്കൻ റജി ലാസർ, സൂസമ്മ നൈനാൻ തുടങ്ങിയവർ പ്രസംഗിച്ചു. സണ്ടേസ്കൂൾ ബോർഡ് മിഷനറിമാർ ഗാന പരിശീലനത്തിന് നേതൃത്വം നൽകി. ഇടവക തലത്തിൽ നിന്നുള്ള ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ബൈബിൾ ക്വിസും ഗാന മത്സരവും നടത്തപ്പെട്ടു. സഭയിലെ കേരളത്തിലെ 4 ഡയോസിസുകളിൽ നിന്നുമുള്ള 4 മുതൽ 17 വയസു വരെ പ്രായമുള്ള 600-ൽ പരം വിദ്യാർത്ഥി പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നു. വി.ബി.എസ് ഡയറക്ടേഴ്സിനു വേണ്ടിയുള്ള പരിശീലന പരിപാടിയും സണ്ടേസ്കൂൾ അദ്ധ്യാപക സംഗമവും വിദ്യാർത്ഥി സമ്മേളനത്തിൽ നടത്തപ്പെട്ടു.