തിരുവല്ല : ലോകത്തിന്‍റെ സ്വാധീനത്തിന് അടിമപ്പെടാതെ ദൈവത്തോടടുത്തു ചെല്ലുമ്പോളാണ് വ്യക്തി ജീവിതം അനുഗ്രഹിക്കപ്പെടുന്നതെന്നും അത് സമൂഹത്തിന് നന്മയായിത്തീരുമെന്നും ഇവാൻജലിക്കൽ സഭാ പ്രിസൈഡിംങ്ങ് ബിഷപ്പ് ഡോ. തോമസ് ഏബ്രഹാം. സെൻറ് തോമസ് ഇവാൻജലിക്കൽ ചർച്ച് ഓഫ് ഇൻഡ്യ സണ്ടേസ്കൂൾ പ്രവർത്തന ബോർഡിന്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി സമ്മേളനം തിരുവല്ലാ ഇവാൻജലിക്കൽ സഭാ ആസ്ഥാനത്ത് സെൻട്രൽ ചാപ്പലിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു ബിഷപ്പ്. സണ്ടേസ്കൂൾ പ്രവർത്തന ബോർഡ് വൈസ് പ്രസിഡന്റ് റവ. ശമുവേൽ മാത്യു അദ്ധ്യക്ഷത വഹിച്ചു.
സഭാ സെക്രട്ടറി റവ. ഏബ്രഹാം ജോർജ്, വൈദീക ട്രസ്റ്റി റവ. പി.ടി മാത്യു, സണ്ടേസ്കൂൾ പ്രവർത്തന ബോർഡ് സെക്രട്ടറി റവ.സജി ഏബ്രഹാം, യുവജന പ്രവർത്തന ബോർഡ് സെക്രട്ടറി റവ. അനിഷ് മാത്യു, റവ. സി.പി. മർക്കോസ്, അത്മായ ട്രസ്റ്റി ജോർജ് വർഗീസ്, റവ. കെ.സി. ചെറിയാൻ, റവ. സാം മാത്യു, റവ. ജോർജ് ജോസഫ്, റവ. ജേക്കബ് തോമസ്, റവ അനിൽ ടി. മാത്യു, റവ. തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു. നാളെ രാവിലെ 10 മണി മുതൽ സണ്ടേസ്കൂൾ അദ്ധ്യാപക സമ്മേളനവും ഉച്ചക്ക് ശേഷം 2 മണി മുതൽ സുവിശേഷ വേലക്കായി പ്രതിഷ്ഠിക്കപ്പെട്ട കുട്ടികളുടെ സമ്മേളനവും നടക്കും. സമ്മേളനത്തിൽ വിവിധ പ്രായത്തിലുള്ള കുട്ടികൾക്കായി 4 ഗ്രൂപ്പുകളിലായി ഗാനമത്സരവും വെളിപ്പാട് പുസ്തകത്തെ ആസ്പദമാക്കി ഇടവകകൾക്കായി ക്വിസ് മത്സരവും നടത്തും. സമാപന സമ്മേളനം ശനിയാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കും. ബിഷപ്പ് ഡോ. ഏബ്രഹാം ചാക്കോ സമാപന സന്ദേശം നൽകും.