തൃശൂർ: നാല് ചെയർമാൻ സ്ഥാർഥികളും പ്രതിനിധീകരിക്കുന്ന വിദ്യാർത്ഥി സംഘടനകളുമായി ചർച്ച നടത്തിയെന്ന് കേരള വർമ്മ പ്രിൻസിപ്പൽ ഇൻ ചാർജ് വി എ നാരായണൻ. കോടതി ഉത്തരവ്, സാധു വോട്ട്, അസാധു വോട്ട് യൂണിവേഴ്സിറ്റി ചട്ടം എന്നതിനെ കുറിച്ച് അവരെ ബോധ്യപ്പെടുത്തിയെന്ന് പ്രിൻസിപ്പൽ ഇൻ ചാർജ് വി എ നാരായണൻ പറഞ്ഞു. കേരളവർമ്മയിൽ കോളേജ് യൂണിയൻ റീകൗണ്ടിംഗ് തീരുമാനിച്ച സാഹചര്യത്തിലാണ് പ്രിൻസിപ്പലിന്റെ വിശദീകരണം. സൗഹാർദപരമായ അന്തരീക്ഷത്തിലാണ് യോഗം പിരിഞ്ഞത്. പ്രിൻസിപ്പലിന്റെ ചേമ്പറിലായിരിക്കും വോട്ടെണ്ണൽ നടക്കുക. വോട്ടെണ്ണൽ പൂർണ്ണമായും ക്യാമറയിൽ ചിത്രീകരിക്കും.
പ്രിൻസിപ്പലിന്റെ മുറിയിൽ വോട്ടെണ്ണൽ നടക്കുന്നതിനാൽ വൈദ്യുതി തടസ്സപ്പെട്ടാലും വെളിച്ചത്തിന് പ്രശ്നമുണ്ടാകില്ല. പുറമേനിന്ന് നിരീക്ഷകരെ ഏർപ്പെടുത്തണമെന്ന് കോടതി അറിയിച്ചിട്ടില്ല. അതിനാൽ റിട്ടേണിംഗ് ഓഫീസറായ അധ്യാപകന്റെ നേതൃത്വത്തിൽ തന്നെയായിരിക്കും കൗണ്ടിങ് നടക്കുകയെന്നും അദ്ദേഹം പറഞ്ഞു. കേരള വർമ്മ കോളേജിലെ യൂണിയൻ റീ കൗണ്ടിങ് ഡിസംബർ രണ്ടിന് ഒമ്പത് മണിക്ക് നടക്കും. പ്രിൻസിപ്പലിന്റെ ചേംബറിലാവും വോട്ടെണ്ണൽ. വിദ്യാർത്ഥി സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്. കേരള വർമ്മ കോളേജിൽ എസ്എഫ്ഐ ചെയർമാൻ സ്ഥാനാർത്ഥിയെ വിജയിയായി പ്രഖ്യാപിച്ച തീരുമാനം റദ്ദാക്കി റീ കൗണ്ടിങ്ങിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റീ കൗണ്ടിങ് നടത്തുന്നത്.