പത്തനംതിട്ട : അയ്യപ്പൻ ഉറങ്ങുമ്പോഴും ഇമ ചിമ്മാതെ ചടങ്ങുകൾ നിറവേറ്റുന്നവരാണ് ശബരിമലയിലെ പൂജാരിമാർ. മുഖ്യ തന്ത്രി മുതൽ പരികർമികൾ വരെ ഇതിന്റെ ഭാഗമാകുന്നു. ശബരിമലയിലെ മറ്റെല്ലാ ജോലികൾക്കും പകരക്കാർ ഉണ്ടെങ്കിലും എല്ലാ പൂജാ പ്രധാന ചടങ്ങുകളിലും മുഖ്യ കാർമികത്വം വഹിക്കേണ്ടത് തന്ത്രിയും മേൽശാന്തിയുമാണ്. പുലർച്ചെ രണ്ടിന് ഭഗവാനെ ഉണർത്തി നിർമാല്യ ദർശനം മുതൽ രാത്രി 11ന് ഹരിവരാസന സങ്കീർത്തനം പാടി അയ്യപ്പനെ ഉറക്കിയ ശേഷമാണ് അൽപ വിശ്രമം. ഇതിനിടയിൽ ഉച്ചയ്ക്ക് ലഭിക്കുന്ന ചെറിയ ഇടവേളയും. അയ്യപ്പ ശ്രീകോവിലിലെയും മാളികപ്പുറം ശ്രീകോവിലിലെയും പൂജകൾക്ക് മറ്റ് ക്ഷേത്രങ്ങളിൽനിന്ന് വ്യത്യസ്തമായി നിരവധി ചടങ്ങുകൾ ശബരിമലയിൽ മണ്ഡല – മകര വിളക്ക് കാലയളവിലുണ്ട്.
എല്ലാ ദിവസവും കലശാഭിഷേകം, കളഭാഭിഷേകം, ഇതിനെല്ലാം ഒപ്പം ശീവേലി ഇങ്ങനെ പോകുന്നു ചടങ്ങുകൾ. ഓരോ ചടങ്ങിനും വേണ്ട പൂജാദ്രവ്യങ്ങൾ ക്രമം തെറ്റാതെ ശ്രീകോവിലിലും കലശപൂജയ്ക്കും എത്തിക്കണം. ഒന്നിലും അണുവിട വ്യത്യാസം പാടില്ല. ഇതെല്ലം ഒരുക്കി വരുമ്പോഴേക്കും നേരം പുലരും. മറ്റ് ക്ഷേത്രങ്ങളിലെ ശ്രീകോവിലിൽനിന്നു വ്യത്യസ്തമായി തന്ത്രിക്കും മേൽശാന്തിക്കും കീഴ്ശാന്തിക്കും പുറമെ സഹ പൂജാരിമാരും പരികർമികളും ഉണ്ടാകും. നെയ്യഭിഷേകം ഏറെ സമയം നടത്തേണ്ടതിനാൽ കൂടുതൽ ശാന്തിമാർ വേണം. ഇതിനെല്ലാം പുറമെ ഓരോ പൂജകൾക്കും തിരക്കിനനുസരിച്ചു സൗകര്യം ഉണ്ടാക്കണം. പടിപൂജ ഉള്ളപ്പോൾ അതിന്റേതായ ചടങ്ങുകളും.
രാജ്യമെമ്പാടും നിന്നു നിരവധിയായ പ്രമുഖരും സാധാരണക്കാരുമാണ് തന്ത്രിയെയും മേൽശാന്തിയെയും കാണാൻ അവസരം ചോദിക്കുന്നത്. ഇവർക്ക് അവസരവും അനുഗ്രഹവും നൽകണം. ഔദ്യോഗിക ചടങ്ങുകളുടെ ഭാഗമാകുകയും വേണം. ശബരിമലയിൽ വിവിധ ജോലിക്കായി എത്തുന്ന പോലീസ്, ഫയർ ഫോഴ്സ്, ആരോഗ്യം, റവന്യു തുടങ്ങി സർക്കാർ വകുപ്പുകളുടെ എല്ലാം ജീവനക്കാരുടെ കണക്കുകൾ പുറത്തുവരുമ്പോഴും രാപകൽ അയ്യപ്പസേവ നടത്തുന്നവരെ പറ്റി ആരും പറയാറുമില്ല. വിവിധ വകുപ്പുകളിൽനിന്നു ശബരിമല ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്നവർക്ക് നിശ്ചിത ദിവസം ജോലി ചെയ്ത് മടങ്ങാൻ കഴിയും. എന്നാൽ ഒരു സീസൺ മുഴുവൻ പൂർത്തിയാക്കിയ ശേഷമാണ് പൂജാരിമാരുടെ മടക്കം.