യുപി : സംസ്ഥാനത്ത് പുതുതായി നിർമിക്കുന്ന ഓരോ റോഡിനും അഞ്ച് വർഷത്തെ ഗ്യാരണ്ടി നൽകണമെന്നും റോഡ് തകർന്നാൽ നിർമാണ ഏജൻസി പുനർനിർമിക്കണമെന്നും ആവർത്തിച്ച് നിര്‍ദ്ദേശിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അഴിമതിക്കാരായ കരാറുകാരുടെ ബന്ധുക്കൾ പോലും ഒരു പദ്ധതിയിലും ഏർപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു. റോഡുകളുടെ നിർമാണത്തിന്റെ ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും ഉത്തരവാദിത്തം ഉറപ്പിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിർണ്ണായക പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും അവയുടെ ചെലവ് വർദ്ധിക്കുന്നില്ലെന്ന് ഉറപ്പാക്കാനും അദ്ദേഹം നിർദ്ദേശം നൽകി. വകുപ്പുതല മന്ത്രിമാർ കൃത്യമായ ഇടവേളകളിൽ പദ്ധതികൾ അവലോകനം ചെയ്യണമെന്നും ജോലിയുടെ ഗുണനിലവാരം പരിശോധിക്കാൻ ഫീൽഡ് സന്ദർശനങ്ങൾ നടത്തണമെന്നും യോഗി തറപ്പിച്ചു പറഞ്ഞു. ജോലി യന്ത്രവൽക്കരിക്കപ്പെടണമെന്നും ഇതിനായി ഐഐടി പോലുള്ള സാങ്കേതിക സ്ഥാപനങ്ങളുടെ സഹകരണം തേടാമെന്നും അദ്ദേഹം പറഞ്ഞു.
ആളുകളുടെ കുറവുണ്ടാകരുതെന്ന് ഊന്നിപ്പറഞ്ഞ യോഗി, റഗുലർ നിയമന നടപടികൾ പൂർത്തിയാകുന്നതുവരെ യോഗ്യതയുള്ള യുവാക്കളെ ഔട്ട്‌സോഴ്‌സിംഗ് വഴി ഏർപ്പെടുത്തണമെന്നും വ്യക്തമാക്കി. ഗേറ്റ് പോലുള്ള ദേശീയ പരീക്ഷകൾ അവരുടെ കഴിവ് വിലയിരുത്തുന്നതിന് അടിസ്ഥാനമാക്കാമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി സംസ്ഥാന സർക്കാരിന് ഒരു നയം/മാർഗ്ഗരേഖ രൂപീകരിക്കാം. റോഡ് നിർമ്മാണത്തിനായി ഉത്തർപ്രദേശിന്റെ ഫുൾ ഡെപ്‍ത് റിക്ലമേഷൻ (എഫ്ഡിആർ) സാങ്കേതികവിദ്യ ഇന്ത്യാ ഗവൺമെന്റിന്റെ പ്രശംസ പിടിച്ചുപറ്റിയതായി മുഖ്യമന്ത്രി പറഞ്ഞു. ട്രാഫികിന്റെയും മറ്റ് ആവശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഗ്രാമീണ റോഡുകൾ വികസിപ്പിക്കേണ്ടത് ആവശ്യമാണ്. ഇക്കാര്യത്തിൽ ആവശ്യമായ നിർദേശങ്ങൾ തയ്യാറാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ടെൻഡർ നടപടികൾ ലളിതമാക്കേണ്ടതിന്റെ ആവശ്യകതയും മുഖ്യമന്ത്രി യോഗത്തില്‍ ഉന്നയിച്ചു.