തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കിൽപെട്ട് ജോയ് മരിച്ച സംഭവത്തിൽ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുടുംബാഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് പറഞ്ഞ മഖ്യമന്ത്രി രക്ഷാപ്രവർത്തനത്തിന് കൈമെയ് മറന്ന് പ്രവർത്തിച്ചവർക്ക് നന്ദി അറിയിക്കുകയും ചെയ്തു. ജോയിയുടെ ദാരുണമായ മരണത്തിൽ അതീവ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. ജോയിയെ കണ്ടെത്താൻ 46 മണിക്കൂർനീണ്ട തുടർച്ചയായ രക്ഷാപ്രവർത്തനമാണ് നടന്നത്. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടായിരുന്നു രക്ഷാപ്രവർത്തനം. എല്ലാ സർക്കാർ സംവിധാനങ്ങളും ഏകോപിതമായി പ്രവർത്തനം ഏറ്റെടുക്കുകയും മനുഷ്യസാധ്യമായ എല്ലാ നടപടികളും ഉറപ്പാക്കുകയും ചെയ്തു.
ജെൻ റോബോട്ടിക്‌സ് ഉൾപ്പെടെയുള്ള സാങ്കേതികവിദ്യ സഹായവും ഉറപ്പാക്കി. അതിസങ്കീര്‍ണമായ രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്നിരക്ഷാസേന, അവരുടെ സ്കൂബാ ഡൈവിങ് സംഘം, ദേശീയ ദുരന്തനിവാരണ സേന, പോലീസ്, നാവികസേനയുടെ വിദഗ്ധസംഘം, ശുചീകരണ തൊഴിലാളികള്‍ ഉൾപ്പെടെയുള്ളവർ കൈ മെയ് മറന്ന് പ്രവർത്തിച്ചു. അവരെയാകെ നാടിനുവേണ്ടിയുള്ള നന്ദി അറിയിക്കുന്നു, മുഖ്യമന്ത്രി അറിയിച്ചു.