കാസര്‍കോട് : കാസര്‍കോട് എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയുടെ കുളിമുറി ദൃശ്യം പകര്‍ത്തിയ കേസില്‍ തെളിവെടുപ്പിനിടെ കടലില്‍ ചാടിയ പ്രതിയെ രാത്രി ഏറെ വൈകിയും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. കൈവിലങ്ങോടെയാണ് പ്രതി കടലില്‍ ചാടിയത്. പിന്നാലെ ചാടിയ എസ്‌ഐയെയും സീനിയര്‍ സിവില്‍ പോലീസ് ഓഫീസറെയും മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്.
ടൈല്‍സ് തൊഴിലാളിയാണ് ഇയാള്‍. കാളിയങ്കാട് സ്വദേശി കെ. മഹേഷ്(29)നെയാണ് കേസില്‍ അറസ്റ്റ് ചെയ്തത്. ദൃശ്യം പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ പുലിമുട്ടിന്റെ കല്ലുകള്‍ക്ക് ഇടയില്‍ ഒളിപ്പിച്ചു എന്നായിരുന്നു മഹേഷിന്റെ മൊഴി.
തെളിവെടുപ്പിനായി കാസര്‍കോട് കസബ മത്സ്യബന്ധന തുറമുഖം പുലിമുട്ടിനു സമീപത്തേക്ക് കൊണ്ടുവരികയായിരുന്നു. ഫോണ്‍ എടുക്കാനെന്ന വ്യാജേന നീങ്ങിയ മഹേഷ് പുലിമുട്ടില്‍ നിന്നു പെട്ടെന്നു പോലീസുദ്യോഗസ്ഥരെ തട്ടിമാറ്റി അഴിമുഖത്തു ചാടി. പുലിമുട്ടില്‍ നിന്നു നാലു മീറ്റര്‍ അകലെ മഹേഷ് പൊങ്ങിയത് കണ്ടതായി പറയുന്നു. ശക്തമായ ഒഴുക്കായിരുന്നു ഈ സമയത്ത്.